Join News @ Iritty Whats App Group

റേഷൻ കടവഴി ലഭിക്കുന്ന പുഴുക്കല്‍, പച്ചരികളില്‍ മായം കലര്‍ന്നതായി ആക്ഷേപം. പ്രചരണം തെറ്റാണെന്നും സമ്ബുഷ്ടീകരിച്ച അരിയാണെന്ന വിശദീകരണവുമായി അധികൃതര്‍


ഇരിട്ടി: റേഷൻ കടവഴി ലഭിക്കുന്ന പുഴുക്കല്‍, പച്ചരികളില്‍ മായം കലര്‍ന്നതായി ആക്ഷേപം. പ്രചരണം തെറ്റാണെന്നും സമ്ബുഷ്ടീകരിച്ച അരിയാണെന്ന വിശദീകരണവുമായി അധികൃതര്‍.

കേന്ദ്രസര്‍ക്കാര്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി രാജ്യത്ത് എല്ലായിടത്തും പൊതുവിതരണ കേന്ദ്രം വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് (സമ്ബുഷ്‌ടീകരിച്ച) അരിയാണ് ഇതെന്നും ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസര്‍ എം.കെ. റജീന പറഞ്ഞു. 

കണ്ടാല്‍ അരിയെന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍ എന്തോ കലര്‍ത്തിയെന്നാണ് ആരോപണം. അരി കഴുകാനായി വെള്ളത്തിലിടുമ്ബോള്‍ ഇവ പൊങ്ങിക്കിടക്കുന്നതായും ഇത് അല്‍പ്പനേരം വെള്ളത്തിലിട്ടാല്‍ വെന്ത ചോറുപോലെ പൊങ്ങി വരുന്നതായും ഇവര്‍ പറയുന്നു. 

സാധാരണ അരി കടിച്ചാല്‍ അത് പൊടിഞ്ഞുപോകുമെങ്കിലും അരിയില്‍ കലര്‍ന്നിരിക്കുന്ന ഈ വസ്തു കടിച്ചാല്‍ പൊടിയാതെ ച്യുയിങ്ഗം പോലെ ഇരിക്കുന്നതായും ഇവര്‍ പറയുന്നു. താലൂക്ക് സപ്ലൈ ഓഫിസറെ സമീപിച്ചപ്പോഴാണ് ഇത് മായമല്ലെന്നും സമ്ബുഷ്‌ടീകരിച്ച അരിയാണെന്നും ഇവര്‍ അറിയിച്ചത്. ഫോര്‍ട്ടിഫിക്കേഷനുവേണ്ടി അരിയില്‍ ചേര്‍ക്കുന്ന അരിയുടെഅതേ ആകൃതിയിലുള്ള ഫോര്‍ട്ടിഫിക്കേഷന്‍ കെര്‍ണലുകളാണ് തെറ്റിദ്ധാരണക്ക് ഇടയാക്കുന്നതെന്ന് സപ്ലെ ഓഫിസര്‍ പറഞ്ഞു. 

സമ്ബുഷ്ടീകരിച്ച അരി 

ഫോര്‍ട്ടിഫൈഡ് റൈസ് അഥവാ സമ്ബുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സമ്ബുഷ്ടീകരിച്ച അരി രുചിയിലും മണത്തിലും രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂര്‍ണമായും സുരക്ഷിതവുമാണ്. 

അരിപ്പൊടി, പ്രിമിക്സ് എന്നിവ സംയോജിപ്പിച്ച്‌ തയാറാക്കുന്ന ഫോര്‍ട്ടിഫൈഡ് റൈസ് കെര്‍ണല്‍, 100:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് സമ്ബുഷ്ടീകരിച്ച അരിയാക്കി മാറ്റുന്നത്. ഇതില്‍ അയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. അയണ്‍ വിളര്‍ച്ച തടയുന്നതിനും, ഫോളിക് ആസിഡ് രക്ത രൂപവത്കരണത്തിനും വിറ്റാമിന്‍ ബി12 നാഡീവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. പോഷകാഹാര കുറവിനെ ഒരു പരിധിവരെ ചെറുക്കാന്‍ ഇതിലൂടെ കഴിയും.

ഫുഡ് ആന്‍ഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് ധാന്യങ്ങള്‍ സമ്ബുഷ്ടീകരിച്ചിരിക്കുന്നത്. അതിനാല്‍ ഫോര്‍ട്ടിഫൈഡ് അരി മായമല്ലെന്നും ഭക്ഷ്യവകുപ്പ് ഉറപ്പ് നല്‍കുന്നു. ഇതിന്റെ ഭാഗമായി ബോധവത്കരണങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group