Join News @ Iritty Whats App Group

കൃഷ്ണപ്രസാദ് ബിജെപി കുടുംബത്തില്‍ നിന്നുള്ളയാള്‍ ; ജയസൂര്യയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ; കുടിശ്ശികയെല്ലാം കൊടുത്തതാണെന്ന് മന്ത്രി




തിരുവനന്തപുരം: കളമശ്ശേരിയില്‍ നടത്തിയ കാര്‍ഷികോത്സവത്തില്‍ ജയസൂര്യ നടത്തിയ പ്രതികരണം തെറ്റിദ്ധാരണയില്‍ നിന്നാണെന്ന് സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. കൃഷ്ണപ്രസാദിന്റെ കുടിശ്ശിക കൊടുത്തതാണെന്നും അത് മനസ്സലാക്കാതെയാണ് ജയസൂര്യയുടെ പ്രസ്താവനയെന്നും പറഞ്ഞു. ജയസൂര്യയുടെ പരാമര്‍ശം ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും മന്ത്രി വിമര്‍ശിച്ചു.

ബിജെപി കുടുംബത്തില്‍ നിന്നുള്ളയാളാണ് കൃഷ്ണപ്രസാദ്. ചങ്ങനാശ്ശേരിയില്‍ ബിജെപിയുടെ കൗണ്‍സിലറായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്‍. അദ്ദേഹത്തിന്റെ ഭാര്യയാണ് നിലവിലെ കൗണ്‍സിലര്‍. അങ്ങിനെയൊരാള്‍ ദുഷ്ടലാക്കോടെ ഒരു കാര്യം പറയുമ്പോള്‍ ജയസൂര്യ അത് മനസ്സിലാക്കണം.

കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന നടന്‍ ജയസൂര്യയുടെ പരാമര്‍ശം തെറ്റിദ്ധാരണയില്‍ നിന്നും ഉണ്ടായതാണ്. ഇന്ത്യയില്‍ നെല്‍കര്‍ഷകന് ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്നത് കേരളമാണ്. തിരുവോണ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ രാഷ്ട്രീയപ്രേരിതമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിന്റെ ചുവട് പിടിച്ചാണ് കര്‍ഷകര്‍ പട്ടിണി കിടക്കുന്നതായി ജയസൂര്യ പ്രതികരിച്ചതെന്നും പറഞ്ഞു.

കൃഷിമന്ത്രിയെയും വ്യവസായ മന്ത്രിയെയും വേദിയിലിരുത്തിയായിരുന്നു കഴിഞ്ഞദിവസം ജയസൂര്യ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. പുതിയ തലമുറ കൃഷിയില്‍ ഇറങ്ങാത്ത കാരണം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയാണെന്നും നെല്ലു കൊടുത്ത് ആറുമാസം കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്നും പണം കിട്ടാത്ത ഇവര്‍ തിരുവോണത്തിന് പട്ടിണി കിടക്കുകയാണെന്നും മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ പറഞ്ഞാലേ നടപടിയുണ്ടാകു എന്നും പറഞ്ഞു.

കേരളത്തില്‍ എത്തുന്നത് വിഷം നിറച്ച പച്ചക്കറികളാണെന്നും അത് പരിശോധിച്ച് ക്വാളിറ്റി ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ ഇല്ലെന്നും ജയസൂര്യ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കര്‍ഷകരുടെ പ്രശ്നം പറഞ്ഞപ്പോഴാണ് ജയസൂര്യ നടന്‍ കൂടിയായ കൃഷ്ണപ്രസാദിനെയും ഉദാഹരണമാക്കിയത്. പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നടനെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് വരികയും വിഷയം ചര്‍ച്ചയാവുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group