കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്നു. ഡിസംബര്‍ മാസത്തോടെ കമ്മീഷന് ചെയ്യാനാണു നീക്കം.
സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ ഫൈവ് ജി വേഗത്തിലേക്ക് ചുവടുമാറുമ്പോഴാണ് ബിഎസ്എന്‍എല്‍ ഫോര്‍ ജിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ മേഖലയിലാണ് 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
തിരുവനന്തപുരത്ത് 296-ഉം എറണാകുളത്ത് 275-ഉം കോഴിക്കോട്- 125ഉം കണ്ണൂരില്‍ 100-ഉം ടവറുകളാണ് സ്ഥാപിക്കുക. ലക്ഷദ്വീപിലെ മിനികോയ് ദ്വീപിലും സേവനം ലഭ്യമാക്കും.
ചണ്ഡീഗഢില്‍ നടത്തിയ 4ജി പരീക്ഷണം വിജയമായതോടെയാണ് രാജ്യത്തെ തെരഞ്ഞെടുത്ത ജില്ലകളില്‍ 4ജി സേവനം ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
ഇന്ത്യന്‍ നിര്‍മിത 4ജി ഉപകരണങ്ങളാണ് സേവനത്തിന് ഉപയോഗിക്കുന്നതെന്നതും പ്രത്യേകതയാണ്. ഇതിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി ബിഎസ്എന്‍എല്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
ഒക്ടോബര്‍ മാസത്തോടെ ഉപകരണങ്ങള്‍ എത്തുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.4ജി നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ വരിക്കാര്‍ റേഞ്ച് കിട്ടാതെ വിഷമിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മിക്ക ജില്ലകളിലും ഉപഭോക്താക്കള്‍ മറ്റു സ്വകാര്യ സേവന ദാതാക്കളിലേക്ക് ചേക്കേറി.
ഈ സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ 4ജിയിലേക്ക് മാറാനുള്ള നീക്കം. നിലവില്കൂടുതല് വരുമാനം ലഭിക്കുന്ന സര്‍ക്കിളുകളിലെ വരിക്കാരെ നിലനിര്‍ത്താല്‍ അവിടങ്ങളില്‍ എത്രയും വേഗം 4ജി എത്തിക്കാനാണ് പദ്ധതി.
4ജി നെറ്റ് വര്‍ക്കുകള്‍ വേഗത്തില്‍ 5ജിയിലേക്ക് മാറ്റാന്‍ സാധിക്കുന്ന വിധത്തിലുള്ളതായിരിക്കും എന്നും സൂചനയുണ്ട്. 4ജി എത്തുന്നതോടെ വരുമാനത്തില്‍ 20 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
Post a Comment