Join News @ Iritty Whats App Group

32,500 കോടിയുടെ റെയിൽവേ വികസന പദ്ധതികളുമായി കേന്ദ്രം; നേട്ടം 9 സംസ്ഥാനങ്ങൾക്ക്; കേരളം പുറത്ത്


ദില്ലി: റെയിൽവെ വികസനത്തിന് 32,500 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ്, റെയിൽവേ മന്ത്രാലയത്തിന്റെ ഏഴ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഏഴ് മൾട്ടിട്രാക്കിംംഗ് പദ്ധതികൾക്കായി ഏകദേശം 32,500 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. റെയിൽവെ വികസനത്തിന് പൂർണമായും കേന്ദ്രസർക്കാരാണ് ധനസഹായം നൽകുക.

 മൾട്ടിട്രാക്കിംഗ് പദ്ധതികൾ നിലവിൽ വരുന്നതോടെ ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ലഭ്യമാക്കാനും, ട്രെയിനിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും, തിരക്ക് കുറയ്ക്കാനും കഴിയും. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 35 ജില്ലകളെയാണ് പദ്ധതികൾ ഉൾക്കൊള്ളുന്നത്.

പദ്ധതിയിലൂടെ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല 2339 കിലോമീറ്റർ വർധിപ്പിക്കും. മാത്രമല്ല, പദ്ധതി ബാധകമാവുന്ന സംസ്ഥാനങ്ങളിൽ നിന്ന് 7.06 കോടി പേർക്ക് തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഭക്ഷ്യധാന്യങ്ങൾ, രാസവളങ്ങൾ, കൽക്കരി, സിമൻറ്, ക്രൂഡ് ഓയിൽ, ചുണ്ണാമ്പുകല്ല്, ഭക്ഷ്യ എണ്ണ മുതലായ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ പാതകളാണിത്. തടസ്സമില്ലാത്ത മള്‍ട്ടി-മോഡല്‍ കണക്റ്റിവിറ്റിക്കുള്ള പി.എം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴിലാണ് ഈ പദ്ധതികൾ വരുന്നത്. നിർദ്ദിഷ്ട പദ്ധതിയിലൂടെ ചരക്കുകളുടെയും, ട്രെയിൻ യാത്രികരുടെയും യാത്രകൾ സുഗമമാക്കാനും, നിലവിലുള്ള റെയില്‍വേ ലൈന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ . ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ റെയിൽവെ വികസനത്തിന് കോടികൾ ചെലവഴിക്കുമ്പോഴും കേരളത്തിലെ റെയിൽവെ വികസനം പദ്ധതിയിലില്ല.

Post a Comment

Previous Post Next Post
Join Our Whats App Group