ഇരിട്ടി : നഗരസഭ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി 25 ന് ഇരിട്ടി ടൗണിൽ നൈറ്റ് ക്ലീനിങ് നടത്തുമെന്ന് നഗരസഭാ അധ്യക്ഷ കെ ശ്രീലത വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരികൾ, എൻസിസി- എൻഎസ്എസ് വളണ്ടിയർമാർ, സന്നദ്ധപ്രവർത്തകർ, ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെയും പൊതു ജനങ്ങളുടെയുംസഹകരണത്തോടെ രാത്രി 7 മണി മുതൽ ശുചീകരണ പ്രവർത്തനം തുടങ്ങുക. വ്യാപാരികൾ അവരവരുടെ സ്ഥാപനങ്ങളും പരിസരവും സ്വന്തം നിലയിലും പൊതുയിടങ്ങൾ പൊതുജന പങ്കാളിത്തത്തോടെയുമാണ് ആണ് ശുചീകരിക്കുക.ശുചീകരണ പ്രക്രിയ ഊർജിതമാക്കുന്നതിന്റെ ഭാഗമായി അജൈവമാലിന്യം ഹരിത കർമ്മ സേന വഴി പൂർണമായും ശേഖരിക്കാനുള്ള സംവിധാനം നഗരസഭ ഇതിനകംഒരുക്കിയിട്ടുണ്ട് ഇതിന്റെ ഭാഗമായി ഹരിതമിത്രം ആപ്പ് എല്ലാ വാർഡുകളിലും പതിച്ചുവരുന്ന പ്രവർത്തനം പുരോഗമിച്ചു വരികയാണ്.അത്തിത്തട്ടിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിർമ്മിച്ചിട്ടുള്ള എംസിഎഫും ആര്‍ ആര്‍ എഫും പ്രവർത്തനക്ഷമമാകുന്നതോടെ സംസ്കരണ രംഗത്ത് ഇരിട്ടി നഗരസഭ സ്വയം പര്യാപ്തമാകും.നഗരസഭയിലെ ശുചിത്വ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിന് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 75 ബോധവൽക്കരണ ബോർഡുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. അത്തിത്തട്ട് മാലിന്യ സംസ്കരണ കേന്ദ്രം ആധുനികവൽക്കരിക്കുന്നതിനും നഗരസഭ സൗന്ദര്യവൽക്കരിക്കുന്നതിനുമായി ഒന്നര കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകിയതായും നഗരസഭ ചെയർ പേഴ്സൺ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. സോയ, ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, കൗൺസിലർമാരായ വി.പി. റഷീദ്, കെ. നന്ദനൻ, രഘു എന്നിവർ പങ്കെടുത്തു.
നിയമ ലംഘകർക്കെതിരെ കർശന നടപടി.
ഓണാഘോഷങ്ങൾ ഹരിത ചടങ്ങൾ പാലിച്ച് നടത്തണം. നൂറിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള എല്ലാ ആഘോഷങ്ങളുടെയും വിവരങ്ങൾ നഗരസഭയിൽ മുൻകൂട്ടി അറിയിക്കണം. സർക്കാർ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്കുകളും കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന വർക്കെതിരെ ശക്തമായ നടപടി സ്വികരിക്കും. നിയമ ലംഘകരുടെ വിവരങ്ങൾ ഫോട്ടോ സഹിതം 9188955292 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്താൽ 2500 രൂപ വരെ പാരിതോഷികം നൽകുമെന്ന് നഗരസഭ അധ്യക്ഷ കെ.ശ്രീലത അറിയിച്ചു.
Post a Comment