Join News @ Iritty Whats App Group

വാട്ട്സ്ആപ്പിൽ ലിങ്ക്, ക്ലിക്ക് ചെയ്ത യുവതിക്ക് പണി കിട്ടി; പോയത് 10 ലക്ഷം, രാജസ്ഥാന്‍ സ്വദേശിക്ക് ജാമ്യമില്ല


തൃശൂര്‍: ഓണ്‍ലൈനിലൂടെ യുവതിയെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ രാജസ്ഥാന്‍ സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി. മഹരാഷ്ട്രയിലെ നയ്‌ഗോനില്‍ താമസിക്കുന്ന രാജസ്ഥാന്‍ അജ്മീര്‍ സ്വദേശി യോഗേഷ് ജയിന്‍ (29) നല്‍കിയ ജാമ്യാപേക്ഷയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജി. ഗിരീഷ് തള്ളിയത്. യോഗേഷ് എച്ച്.സി.എല്‍. ടെക്‌നോളജിസ് എന്ന സ്ഥാപനത്തില്‍നിന്നാണ് എന്നുപറഞ്ഞ് തൃശൂര്‍ ജില്ലക്കാരിയായ യുവതിയുടെ വാട്‌സാപ്പ് നമ്പറിലേക്ക് മെസേജ് അയച്ചായിരുന്നു തട്ടിപ്പ്.

മെസേജിലെ ലിങ്കിലൂടെ കയറി ചില ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കിയാല്‍ പണം കിട്ടുമെന്നു യോഗേഷ് ജയിന്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതിന്റെ ആവശ്യത്തിലേക്കെന്ന് പറഞ്ഞ് പലതവണകളിലായി 10 ലക്ഷം രൂപ ഇയാള്‍ യുവതിയില്‍നിന്നും തട്ടിയെടുത്തു. ഫെബ്രുവരിമുതല്‍ മാര്‍ച്ചുവരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം കിട്ടാതായപ്പോള്‍ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സിറ്റി സൈബര്‍ ക്രൈം പൊലീസ് എസ്എച്ച്.ഒ. അഷറഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തില്‍ ഈ റാക്കറ്റ് മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വലിയ കണ്ണികളുള്ളതാണെന്ന് ബോധ്യപ്പെട്ടിരുന്നു. ടെലഗ്രാം, വാട്‌സാപ്പ്, വിവിധ ബാങ്കുകള്‍, വിവിധ മൊബൈല്‍ സേവനദാതാക്കള്‍ മൊബൈല്‍ ഫോണുകളുടെ ഐ.എം.ഇ.ഐ. രേഖകള്‍ എന്നിവ വഴി നടത്തിയ വിദഗ്ധ അന്വേഷണത്തിലൂടെയാണ് പ്രതിയെ മഹരാഷ്ട്രയില്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് മുഖ്യപ്രതിയായ രാജസ്ഥാന്‍ അജ്മീര്‍ സ്വദേശിയും നിലവില്‍ മഹാരാഷ്ട്ര നായ്ഗാവ് ഈസ്റ്റില്‍ താമസിക്കുന്ന യോഗേഷ് ജയിനിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഹരാഷ്ട്രയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഉത്തരവ് പ്രകാരം കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. സൈബര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒയായ സുധീഷ്‌കുമാര്‍ വി.എസാണ് കേസില്‍ തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ ഹാജരായി.

Post a Comment

Previous Post Next Post
Join Our Whats App Group