Join News @ Iritty Whats App Group

ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് യാത്രക്കപ്പല്‍ വരുന്നു ; മൂന്നരദിവസം വരുന്ന യാത്രയ്ക്ക് 10,000 രൂപ ; വിമാനത്തില്‍ പോകുന്നതിന് 20,000 മുതല്‍ 60,000 വരെ

കൊച്ചി: ഗള്‍ഫില്‍നിന്നു യാത്രാക്കപ്പല്‍ സര്‍വീസിനു കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) മാതൃകയില്‍ പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ കമ്പനി ആലോചനയില്‍. സര്‍ക്കാരും കേരള മാരിെടെം ബോര്‍ഡും നോര്‍ക്കയും നിക്ഷേപകരും ഉള്‍പ്പെടുന്നതാവും കമ്പനി. കേരള-യു.എ.ഇ. സെക്ടറില്‍ കപ്പല്‍ സര്‍വീസിനുള്ള സാധ്യതകളെപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയാണെന്നു കേരള മാരിെടെം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

ചര്‍ച്ചകളില്‍ അനുകൂല സാധ്യതയാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ഗള്‍ഫിലും ഇന്ത്യയിലുമുള്ള വിവിധ ഷിപ്പിങ് കമ്പനികള്‍ നിക്ഷേപത്തിനു തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രവാസിമലയാളികള്‍ക്കും നിക്ഷേപം നടത്താം. കഴിഞ്ഞ ദിവസം തിരുവനന്തപുരം ആസ്ഥാനമായ ഷിപ്പിങ് കമ്പനി ഷാര്‍ജയിലുള്ള കമ്പനിയുമായി ചര്‍ച്ച നടത്തി. തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണു തീരുമാനം. സൗദി കമ്പനി ഉന്നയിച്ച 50 ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിരുന്നു. തൃപ്തികരമാണെന്ന മറുപടിയാണു ലഭിച്ചത്.

മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെയും കേരള മാരിെടെം ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ പ്രതിനിധികള്‍ യു.എ.ഇയിലെത്തി പ്രവാസി മലയാളി സംഘടാ പ്രതിനിധികളുമായി കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയും അനുകൂലമാണ്. നിക്ഷേപകരുണ്ടോ എന്നതിനെ ആശ്രയിച്ചാവും പദ്ധതിയുമായി മുന്നോട്ടുപോവുക. കപ്പലും യാത്രക്കാരെയും കിട്ടുക എന്നതാണു പ്രധാന കാര്യം. കമ്പനി രൂപവത്കരിച്ചു കഴിഞ്ഞാല്‍ ഓഹരി വില്‍പനയിലൂടെ പണം കണ്ടെത്തി സാധ്യതാ പഠനം ഉള്‍പ്പെടെയുള്ള നടപടിയിലേക്കു കടക്കും.

വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണു കപ്പല്‍ സര്‍വീസെന്ന ആശയം ഉയര്‍ന്നതും തുറമുഖവകുപ്പിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ആരംഭിച്ചതും.

ഒരു ട്രിപ്പില്‍ 1500 പേരെ കിട്ടുക പ്രയാസമല്ലെന്നാണു പ്രവാസി സംഘടനാ പ്രതിനിധികള്‍ അറിയിച്ചത്. ഒരു എയര്‍ ട്രിപ്പില്‍ 150-200 യാത്രക്കാരുണ്ടാവും. കപ്പലില്‍ 10,000 രൂപ നിരക്കില്‍ യാത്ര ചെയ്യാമെങ്കില്‍, വിമാന കമ്പനികള്‍ 20,000 മുതല്‍ 60,000 വരെയാണു ഈടാക്കുന്നത്. വിമാനത്തില്‍ 15-30 കിലോഗ്രാം ലഗേജിന്റെ സ്ഥാനത്തു കപ്പലില്‍ 40-50 കിലോ അനുവദിക്കുമെന്നതാണു മറ്റൊരു മെച്ചം. മൂന്നര ദിവസം മതി കപ്പല്‍ കേരളത്തിലെത്താന്‍. യു.എ.ഇയില്‍മാത്രം 23 ലക്ഷത്തിലേറെ മലയാളികളുണ്ടെന്നാണു കണക്ക്.

യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചശേഷം യാത്രക്കാരെ കണ്ടെത്താന്‍ നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന തുറമുഖ വകുപ്പിനു കീഴില്‍ 17 തുറമുഖങ്ങളുണ്ട്. ആഴം കൂട്ടിയാല്‍ ഇവിടങ്ങളിലെല്ലാം കപ്പല്‍ അടുപ്പിക്കാനാവും. നിലവില്‍ കൊല്ലവും ബേപ്പൂരും ഗതാഗതയോഗ്യമാണ്.

പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ്ആലോചന.

Post a Comment

Previous Post Next Post
Join Our Whats App Group