Join News @ Iritty Whats App Group

കാലാവസ്ഥാ വ്യതിയാനം; അടുത്ത നൂറ്റാണ്ടില്‍ 100 കോടി മനുഷ്യരെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം


കാലാവസ്ഥാ വ്യതിയാനം അതിന്‍റെ ഏറ്റവും തീക്ഷ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങി. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തില്‍, ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാല്‍, അടുത്ത നൂറ്റാണ്ടിൽ ഏകദേശം നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കാർബൺ ഉദ്വമനമാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. അതായത്, ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതമാണെന്ന് തന്നെ. 40 ശതമാനത്തിലധികം കാർബൺ ഉദ്‌വമനത്തിന് എണ്ണ-വാതക വ്യവസായം നേരിട്ടും അല്ലാതെയും ഉത്തരവാദികളാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനം, ലോകത്തിലെ ഏറ്റവും വിദൂരവും കുറഞ്ഞ വിഭവശേഷിയുള്ള സമൂഹങ്ങളിൽ ജീവിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് ആദ്യം ബാധിക്കുകയെന്നും ഗവേഷകർ അവകാശപ്പെടുന്നു. വരാനിരിക്കുന്ന ഈ വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ കാർബൺ ഉദ്വമനത്തിൽ കാര്യക്ഷമവും അടിയന്തരമായി ചെയ്യേണ്ടതുമായ കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും പഠനം മുന്നോട്ട് വയ്ക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ കാർബണ്‍ ഉദ്വമനം കുറയ്ക്കുന്നതിന്‍റെ തോത് വര്‍ദ്ധിപ്പിക്കാന്‍ ഗവൺമെന്‍റിന്‍റെയും കോർപ്പറേറ്റുകളുടെയും പൗരന്മാരുടെയും ഉയർന്ന തലത്തിലുള്ള നടപടികളും ഇടപെടലും പഠനം ആവശ്യപ്പെടുന്നു. 

ഏകദേശം 1,000 ടൺ ഫോസിൽ കാർബൺ കത്തിച്ചാൽ ഓരോ തവണയും ഭാവിയിൽ ഒരു അകാല മരണം സംഭവിക്കുന്നതിന് കാരണമാകുന്നു. ഈ കണക്കിനെ "1,000-ടൺ നിയമം," എന്നാണ് പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. "1,000 ടൺ നിയമത്തിന്‍റെ ശാസ്ത്രീയ സമവായം ഗൗരവമായി എടുക്കുകയും കണക്കുകള്‍ യോജിക്കുകയും ചെയ്താല്‍ ആഗോളതാപനം അടുത്ത നൂറ്റാണ്ടിൽ നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമാകും. അതെ, നമ്മള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു." പഠനത്തിന് നേതൃത്വം നല്‍കിയ കാനഡയിലെ വെസ്റ്റേൺ ഒന്‍റാറിയോ സർവകലാശാലയിലെ പ്രൊഫസറായ ജോഷ്വ പിയേഴ്സ് പറഞ്ഞു. കൂടുതല്‍ വ്യവസായികളും നയരൂപീകരണ വിദഗ്ദരും ഫോസില്‍ ഇന്ധനങ്ങള്‍‌ ഉപേക്ഷിക്കുകയാണെങ്കില്‍ ഈ കണക്കുകളില്‍ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. “കാലാവസ്ഥാ മാതൃകകളെക്കുറിച്ചുള്ള പ്രവചനങ്ങൾ കൂടുതൽ വ്യക്തമാകുമ്പോൾ, നമ്മുടെ പ്രവർത്തനങ്ങൾ കുട്ടികൾക്കും ഭാവി തലമുറയ്ക്കും ദോഷമായി മാറും.” പിയേഴ്സ് കൂട്ടിച്ചേര്‍ക്കുന്നു. ഹരിതഗൃഹ വാതക ഉദ്വമനം തീര്‍ക്കുന്ന ബാധ്യതകൾ ഇനിയും അവഗണിക്കാനാവില്ലെന്ന് ഗവേഷകരും പറയുന്നു. ഫോസില്‍ ഇന്ധന ഉപയോഗത്തില്‍ നിന്നും പിന്തിരിയുകയും മറ്റ് ഊര്‍ജ്ജ സാധ്യതകളെ ഉപയോഗപ്പെടുത്തുകയുമാണ് ഈ അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കാനുള്ള വഴിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group