Join News @ Iritty Whats App Group

ആറളം ഫാമിൽ ആന മതിൽ നിർമ്മാണത്തിന് ടെണ്ടറായി

ഇരിട്ടി: ആറളം ഫാമിൽ ആനമതിൽ നിർമ്മാണത്തിനായുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. കാസർഗോഡ് സ്വദേശി റിയാസാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 
 53 കോടിരൂപയാണ് ആനമതിൽ പദ്ധതിക്കായി വകയിരുത്തിയിരുന്നതെങ്കിലും 37 കോടിയിൽ പരം രൂപയ്ക് റിയാസ് കൊടുത്ത 
ടെൻഡർ പൊതുമരാമത്ത്‌ വകുപ്പ്‌ അംഗീകരിക്കുകയായിരുന്നു. ജിഎസ്‌ടി, ഇതര ചെലവുകൾ കൂടി കരാറുകാർ വഹിക്കണമെന്ന 
വ്യവസ്ഥകൂടി ഉള്ളതുകൊണ്ട് തുക ഉയരാനാണ്‌ സാധ്യത. 
കരാർ ഉറപ്പിച്ച ശേഷം നിർമ്മാണം ആരംഭിക്കാനുള്ള നീക്കത്തിലാണ്‌ അധികൃതർ. ഇതിനായി മതിൽ നിർമ്മിക്കാനുള്ള ആറളം ഫാം ആദിവാസി പുനരധിവാസമേഖല –- ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ മുറിച്ച്‌ മാറ്റേണ്ടുന്ന മരങ്ങളുടെ കണക്കെടുപ്പ്‌ ആരംഭിച്ചു. വനം വന്യജീവി വകുപ്പ്‌, പൊതുമരാമത്ത്‌, പട്ടിക വർഗ ക്ഷേമ വകുപ്പ്‌ അധികൃതരുടെ സംയുക്ത നേതൃത്വത്തിലാണ്‌ പരിശോധന. മുറിക്കേണ്ടുന്ന മരങ്ങൾ കണ്ടെത്തി അടയാളമിടൽ ആണ് ഇപ്പോൾ നടക്കുന്നത്. 
കാട്ടാനകൾ തമ്പടിച്ച് നിരന്തരം അക്രമങ്ങളും നിരവധി മരണങ്ങളും നാടായതോടെയാണ് 2019ൽ സർക്കാർ ആനമതിൽ നിർമിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ പ്രഖ്യാപനം വന്നെങ്കിലും നിരവധി കാരണങ്ങളാൽ നിർമ്മാണം വൈകുകയായിരുന്നു. ഇതിനിടയിലും ആദിവാസികൾ അടക്കമുള്ളവർ കാട്ടാന അക്രമങ്ങളിൽ ഫാമിൽ കൊല്ലപ്പെട്ടു. 22 കോടിയുടെ എസ്‌റ്റിമേറ്റ്‌ തയാറാക്കുകയും ഇതിൽ പാതി പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തിട്ടും ഒന്നും നടക്കാത്ത അവസ്ഥയിലേക്ക് നീങ്ങുന്നതിനിടെ ഉണ്ടായ കാട്ടാന അക്രമവും മരണവും ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഇതിനെത്തുടർന്ന് സ്പീക്കർ എ. എൻ. ഷംസീർ ആറളം ഫാമിൽ എത്തി നൽകിയ ഉറപ്പിന്മേൽ 53 കോടി രൂപ പിഡബ്ല്യുഡിക്ക്‌ സർക്കാർ കൈമാറിയതോടെയാണ്‌ ടെൻഡർ നടപടികളായത്‌. 
4 ന്‌ ഇതുസംബന്ധിച്ച് ഉന്നതതല സംയുക്ത യോഗം ആറളം ഫാമിൽ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് , വനം, പട്ടിക വർഗ വകുപ്പ്‌ അധികൃതരും ജന പ്രതിനിധികളും പങ്കെടുക്കും.

Post a Comment

Previous Post Next Post
Join Our Whats App Group