Join News @ Iritty Whats App Group

അധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം


കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ മൂന്ന് പ്രതികക്ക് ജീവപര്യന്തം കഠിനതടവ്. രണ്ടാം പ്രതി സജല്‍ , മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി അനില്‍ ഭാസ്‌കറാണ് വിധി പറഞ്ഞത്. കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുളള വകുപ്പുകള്‍ തെളിഞ്ഞതായി വിധി പ്രസ്താവനയില്‍ പറയുന്നു.

രണ്ടം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് , ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സജല്‍. കുറ്റകൃത്യത്തിനു ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് മൂന്നുപേര്‍.

നാലം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, ഏഴാം പ്രതി മുറമ്മദ് റാഫി, എട്ടാം പ്രതി സുബൈര്‍ ,മന്‍സുര്‍ എന്നിവരെ വെറുതെവിട്ടു. തെളിവില്ലെന്നു കണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കുന്നതെന്ന് കോടതി പറഞ്ഞു.

ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കോടതി 2015 ഏപ്രില്‍ 30 ന് വിധി പറഞ്ഞിരുന്നു. 31 പ്രതികളില്‍ 13 പേരെയാണ് അന്ന് ശിക്ഷിച്ചത്. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

കേസിലെ ഒന്നാം പ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2010 ജൂലൈ നാലിനാണ് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിയത്. കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുളള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Post a Comment

Previous Post Next Post
Join Our Whats App Group