കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പൊലീസിൽ പരാതി. ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാലാണ് പരാതി നൽകിയത്. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നാണ് പരാതി.
പ്രസ്താവനയിലൂടെ മതസ്പർധ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവത് തുറന്നു പറഞ്ഞുവെന്നും മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന് ചാലക്കുടി സ്വദേശിക്കെതിരെ കേസെടുക്കണമെന്നും ജിയാസ് ജമാൽ ആരോപിക്കുന്നു. ആലുവ റൂറൽ എസ് പിക്കാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്ത ശേഷമാണ് രേവത് ബാബു വിവാദ പരാമർശങ്ങൾ നടത്തിയത്. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് ആലുവയിലെ പൂജാരിമാർ കർമങ്ങൾ ചെയ്യാൻ വിസമ്മതിച്ചെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചു. താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി രേവത് ബാബു പിന്നീട് രംഗത്ത് വന്നു. ചെറിയ കുട്ടിയാകുമ്പോൾ കർമങ്ങൾ ചെയ്യാറില്ലെന്നതാണ് കാരണമെന്നടക്കം പിന്നീട് ഇദ്ദേഹം വാദിച്ചിരുന്നു.
”കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവയിൽ പോയി, മാളയിൽ പോയി, കുറുമശേരിയിൽ പോയി. ഒരു പൂജാരിയും വന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നായിരുന്നു. ആരായാലും മനുഷ്യരല്ലേ. അപ്പോ ഞാൻ കരുതി വേറെ ആരും വേണ്ട, നമ്മുടെ മോളുടെ അല്ലേ, ഞാൻ തന്നെ കർമം ചെയ്തോളാം. എനിക്ക് കമർങ്ങൾ അത്ര നന്നായി അറിയില്ല. ഇതുവരെ ഒരു മരണത്തിന് മാത്രമാണ് കർമം ചെയ്തിട്ടുള്ളത്”- ഇതായിരുന്നു രേവത് ബാബു പറഞ്ഞത്.
നേരത്തെ അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാൽ എത്തിക്കാൻ വേണ്ടി നടപ്പ് സമരം നടത്തി ശ്രദ്ധേയനാകാൻ ശ്രമിച്ച ആളാണ് രേവത്. കലാഭവൻ മണി നൽകിയ ഓട്ടോ മണിയുടെ കുടുംബക്കാർ തിരിച്ചു വാങ്ങിയെന്ന് പറഞ്ഞ രേവത് പിന്നീട് അതിലും മലക്കം മറിഞ്ഞിരുന്നു.
Post a Comment