കാട്ടാക്കട: അരിക്കൊമ്പന് സുഖമാണെന്നും മൂന്നുപ്രാവശ്യം മറ്റ് ആനകളുമായി കൂട്ടത്തിൽ ചേർന്നെന്നും തമിഴ്നാട് വനംവകുപ്പ് . അരിക്കൊമ്പൻ അവശനാണെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമുള്ള പ്രചാരണം ശരിയല്ലെന്നും കളക്കാട് വന്യജീവി വിഭാഗം പറഞ്ഞു.
ആന ഒരു സ്ഥലത്ത് മാത്രം നിൽക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിനവും സഞ്ചരിക്കുന്നുണ്ട്.
ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല.
അരിക്കൊമ്പനെ പിടിച്ചുനിർത്തണമെന്ന വാശിയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത്. മൃഗങ്ങൾക്കില്ല. കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേൽ ഒരേ അവകാശമാണുള്ളത്.
ആന 75 ശതമാനം ആരോഗ്യം വീണ്ടെടുത്ത് അതിന്റെ പുതിയ പരിസ്ഥിതിയുമായി ഇണങ്ങി വരികയാണ്. തുമ്പികൈയിലെ മുറിവ് ഏകദേശം ഉണങ്ങി.
കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ വിവിധ ആവാസകേന്ദ്രങ്ങളിൽ കഴിഞ്ഞ 17 കിലോമീറ്റർ ചുറ്റളവിൽ ആന സഞ്ചരിക്കുന്നുണ്ട്.
ആനയെ നിരീക്ഷിക്കാൻ കളക്കാട്, കന്യാകുമാരി ഡിവിഷനുകൾക്ക് കീഴിലുള്ള ഫോറസ്റ്റ് /വൈൽഡ്ലൈഫ് ഓഫിസർമാർ, ഫോറസ്ട്രി ഓഫീസർമാർ, ഫോറസ്റ്റർമാർ, ഫോറസ്റ്റ് കൺസർവേറ്റർമാർ തുടങ്ങിയവരടങ്ങുന്ന 22 ഉന്നത ഉദ്യോഗസ്ഥർ മുത്തുകുഴിവയലിലും പരിസരത്തും ഇപ്പോഴുമുണ്ട്.
മറ്റ് ആനക്കൂട്ടങ്ങളോടൊപ്പംചേർന്നത് ആന പ്രദേശത്തോട് ഇണങ്ങി എന്നതിന്റെ സൂചനയാണെന്ന് കളക്കാട് ആർഎഫ്ഒ പറഞ്ഞു.
അരിക്കൊമ്പൻ സ്വമേധയാ ആനകളുടെ പ്രദേശത്ത് നീങ്ങിയത് പ്രതീക്ഷയോടെയാണ് തമിഴ്നാട് വനംവകുപ്പ് കാണുന്നത്. അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു.
ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിൽ കക്ഷി ചേരാനായിരുന്നു നിർദേശം. അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരേയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘർഷം അവസാനിപ്പിക്കാനും ഇടപെടൽ തേടിയാണ് ഹർജി നൽകിയത്.
നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ വനപാലകർ അതിർത്തി മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആനത്താര വഴി കേരളത്തിലെ വനത്തിലേക്ക് കടക്കുമോ എന്നതടക്കം ഇവർ നിരീക്ഷിക്കുന്നുണ്ട്.
Post a Comment