കൊല്ലം: കൊല്ലം രാമൻകുളങ്ങരയിൽ കിണർ കുഴിക്കുന്നതിനിടെ ഒന്നര മണിക്കൂർ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കല്ലുംപുറം സ്വദേശി വിനോദാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മണ്ണ് മാറ്റി വടം കെട്ടിയാണ് വിനോദിനെ രക്ഷപ്പെടുത്തിയത്.
സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഫ്ലാറ്റ് സമുച്ചയത്തിലെ മതിലിനോട് ചേർന്നായിരുന്നു കിണർ നിർമ്മാണം. നാല് തൊഴിലാളികളായിരുന്നു നിര്‍മാണ് പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. റിംഗ് ഇറക്കുന്നതിനിടെ പൊടുന്നനെ മണ്ണ് ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. കുഴിക്കകത്ത് വിനോദിനൊപ്പമുണ്ടായിരുന്ന തൊഴിലാളി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. മൂക്കറ്റം മണ്ണിൽ പുതഞ്ഞ് വിനോദിന് സ്വയം രക്ഷപെടാനായില്ല. പിന്നാലെ തൊഴിലാളികളും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ തൊഴിലാളികളും പിന്നീട് അഗ്നി രക്ഷാ സേനയും മൺവെട്ടി ഉപയോഗിച്ച് മണ്ണ് നീക്കി. അപ്പോഴും തോളറ്റം വരെ മണ്ണ് നിന്നതിലാല്‍ കാല് ഉയർത്താനാകാത്ത സ്ഥിതിയായിരുന്നു. പിന്നാലെ ജീവൻ പണയം വച്ച് അഗ്നി രക്ഷാ സേനാംഗങ്ങൾ കുഴിയിലിറങ്ങി. വീണ്ടും മണ്ണിടിഞ്ഞതും മതിൽ ഇടിഞ്ഞു വീഴാനുള്ള സാധ്യതയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഒടുവിൽ കയർ കെട്ടി ഉയർത്തി മൂന്നരയോടെ വിജയകരമായ രക്ഷാപ്രവർത്തനം പൂര്‍ത്തിയായി. വിനോദിനെ നിസാര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു.
Post a Comment