Join News @ Iritty Whats App Group

ഗ്യാന്‍വാപി സര്‍വെ സുപ്രീം കോടതി തടഞ്ഞു; പള്ളിക്കമ്മിറ്റിയുടെ അപ്പീല്‍ പരിഗണിക്കാന്‍ നിര്‍ദേശം



സര്‍വെയുടെ പേരില്‍ ഖനനം പാടില്ലെന്നും മസ്ജിദിന്റെ ഒരു കല്ല് പോലും ഇളക്കാന്‍ പാടില്ലെന്നും ആരാധാന തടസ്സപ്പെടുത്താന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.


ന്യുഡല്‍ഹി: വാരണാസി ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ തുടങ്ങിയ സര്‍വെ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിവരെ സര്‍വെ പാടില്ല. സര്‍വെ നടത്താനുള്ള ഉത്തരവിനെതിരെ പള്ളിക്കമ്മിറ്റി നല്‍കിയ അപ്പീല്‍ ഉടന്‍ പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ശനിയാഴ്ച വൈകിട്ടാണ് വാരണാസി ജില്ലാ കോടതി സര്‍വെയ്ക്ക് അനുമതി നല്‍കിയത്. പള്ളിക്കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാന്‍ സാവകാശം അനുവദിച്ചില്ലെന്ന് പരാതിയുമായി അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ അപ്പീല്‍ പരിഗണിക്കാനാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. സര്‍വെയുടെ പേരില്‍ ഖനനം പാടില്ലെന്നും മസ്ജിദിന്റെ ഒരു കല്ല് പോലും ഇളക്കാന്‍ പാടില്ലെന്നും ആരാധാന തടസ്സപ്പെടുത്താന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

സര്‍വെ ഹൈക്കോടതി നേരത്തെ തടഞ്ഞ സാഹചരയത്തില്‍ വിചാരണ കോടതിക്ക് വീണ്ടും സര്‍വെയ്ക്ക് അനുമതി നല്‍കാനാവില്ലെന്നും നടപടി തടയണമെന്നും പള്ളിക്കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസെഫ അഹമ്മദി ചൂണ്ടിക്കാട്ടി. സ്‌റ്റേ ഓര്‍ഡര്‍ എവിടെയാണെന്ന് ഹര്‍ജി പരിശോധിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് ആരാഞ്ഞൂ. ഹൈക്കോടതി ഉത്തരവിന്റെ 28ാം പേജില്‍ സ്‌റ്റേ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കാതെയാണ് ആര്‍ക്കിയോളജി വകുപ്പിലെ 30 അംഗ സംഘം പള്ളിക്കുള്ളില്‍ റഡാര്‍ ചിത്രം പകര്‍ത്തുന്നതെന്നും അത് കോടതിവിധിയുടെ ലംഘനമാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

അതേസമയം, അളവുകളും ഫോട്ടോഗ്രാഫിയും റഡാര്‍ പഠനങ്ങളും മാത്രമാണ് സര്‍വെയില്‍ ഉള്‍പ്പെടുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group