Join News @ Iritty Whats App Group

മുതിർന്ന കോൺഗ്രസ് നേതാവും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു




തിരുവനന്തപുരം: തലമുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവർണറും മുൻ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു.

മൂന്നു തവണ സംസ്ഥാന മന്ത്രിസഭയിലും രണ്ടുതവണ ലോക്സഭയിലും മൂന്നുതവണ ഗവർണർപദവിയിലും ഇരുന്നു. അഞ്ചുതവണ നിയമസഭാംഗമായിരുന്നു. രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കർ സ്ഥാനം വഹിച്ച റെക്കോർഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്.

2006ല്‍ ആദ്യ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധന, എക്സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു. മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാളും വക്കമാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ഉമ്മന്‍ചാണ്ടി വീണുപരിക്കേറ്റ് ചികില്‍സയിലായിരുന്നപ്പോള്‍ വക്കത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല. 1994ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റ്നന്റ് ഗവർണർ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം 2011ൽ മിസോറം ഗവർണറായി.

തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്. എംഎഎൽഎൽബിയാണ് വിദ്യാഭ്യാസ യോഗ്യത. 1946ൽ സ്റ്റുഡൻറ്സ് കോൺഗ്രസിലൂടെയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡൻറ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

1970,1977,1980,1982,2001 വർഷങ്ങളിൽ ആറ്റിങ്ങലിൽ നിന്നുള്ള നിയമസഭാംഗം. 1971-1977, 1980-1981, 2001-2004 കാലത്ത് സംസ്ഥാന മന്ത്രിസഭയിൽ അംഗം. 1982-84 കാലത്തും പിന്നീട് 2001 മുതല്‍ 2004 വരെയും അദ്ദേഹം സ്പീക്കര്‍ സ്ഥാനം വഹിച്ചു. 1984-1989,1989-1991 വർഷങ്ങളിൽ ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗം. 1993-96 വരെ ആൻഡമാനിന്റെ ലഫ്. ഗവർണർ. 2011-14വരെ മിസോറാം ഗവർണർ. 2014ൽ ത്രിപുരയുടെ ഗവർണറായി.

Post a Comment

Previous Post Next Post
Join Our Whats App Group