ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹരിയാനയിലെ അംബാലയില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇതില്‍ മൂന്നുപേര്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്നുള്ളവരും മറ്റൊരാള്‍ ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയുമാണ്. കഴിഞ്ഞദിവസം ഇവര്‍ സഞ്ചരിച്ച വാഹനമടക്കം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയത് ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തിലാണെന്ന് യുപി പോലീസ് അറിയിച്ചു.
ബുധനാഴ്ച വൈകീട്ടാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കവേ ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. ഇളയസഹോദരനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഒപ്പം കാറില്‍ സഹാറന്‍പൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസ് ഹരിയാന രജിസ്‌ട്രേഷന്‍ കാറില്‍ എത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ഉടന്‍ കണ്ടെത്തിയിരുന്നു. ആസാദിന്റെ ഇടുപ്പിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും മറ്റൊരു വെടിയുണ്ട സീറ്റില്‍ തുളഞ്ഞുകയറുകയും ചെയ്തിരുന്നു.
Post a Comment