Join News @ Iritty Whats App Group

യൂട്യൂബിലൂടെ അവഹേളിച്ചെന്ന് പരാതി, യൂട്യൂബർ തൊപ്പിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്, ജാമ്യത്തിൽ വിട്ടു


കണ്ണൂർ: തൊപ്പി എന്ന പേരിൽ അറിയിപ്പെടുന്ന യൂട്യൂബർ നിഹാദ് വീണ്ടും അറസ്റ്റിലായി. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയിൽ ആണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. ശ്രീകണ്ഠാപുരം പൊലീസ് നിഹാദിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലും നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തു വെച്ചാണ് അന്ന് പൊലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസും നിഹാദിനെതിരെ കേസ് എടുത്തിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചുള്ള പൊലീസിന്‍റെ അറസ്റ്റ് ചെയ്യൽ അന്ന് ചർച്ചയായിരുന്നു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആദ്യത്തെ കേസിന് ആസ്പദമായ സംഭവം നടന്നത്. പരിപാടിയില്‍ 'തൊപ്പി' പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു.

ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും സജീവ ചര്‍ച്ചയാണ്. യൂട്യൂബർ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തിൽ ആശങ്കയെന്ന് മന്ത്രി ആർ ബിന്ദു അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മുൻകാലങ്ങളിലെ പോലെയല്ല, കുട്ടികൾക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നത്. തൊപ്പി എന്ന പേരിലൊരുത്തൻ വളാഞ്ചേരിയിൽ വന്നപ്പോൾ കു‍ഞ്ഞുങ്ങൾ ആരാധനയോടെ ഓടിച്ചെന്നുവെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങൾ കയ്യടിച്ചുവെന്നും അറിഞ്ഞപ്പോൾ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group