തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും മഴക്കെടുതിയും തുടരുന്നു. പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാപക നാശനഷ്ടങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. മലപ്പുറം മഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വൈകിട്ട് 3.30 ഓടെ മഞ്ചേരി കാരക്കുന്നിലാണ് അപകടമുണ്ടായത്.
കനത്ത മഴയെ തുടർന്ന് റോഡ് സൈഡിലുള്ള ചീനി മരം ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലായിരുന്നു. തിരുവാലി ഫയർഫോഴ്സും നാട്ടുകാരും പോലീസും ഇ ആർ എഫ് പ്രവർത്തകരും ചേർന്ന് മരം പൂർണമായും വെട്ടി നീക്കി.
കോഴിക്കോട് വടകര മണിയൂർ കുറുന്തോടിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിൽ തേക്ക് മരം വീണു, ഇലക്ട്രിക് പോസ്റ്റിൽ തട്ടിയതിനാൽ മുഴുവനായും നിലം പതിക്കാത്തത് വലിയ അപകടം ഒഴിവാക്കി. ഓട്ടോയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ സുരക്ഷിതരാണ്. നാട്ടുകാരും കെ.എസ്. ഇ.ബി ജീവനക്കാരും ചേർന്ന് മരം മുറിച്ചു മാറ്റി. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
വടകരയിലെ ജില്ലാ ആശുപത്രിയുടെ മതിലും ഇടിഞ്ഞു വീണു. കനത്ത മഴയിലാണ് രോഗികളും മറ്റു വാഹനങ്ങളും പോകുന്ന ഭാഗത്തെ കൂറ്റൻ മതിലിടിഞ്ഞത്. ഭാഗ്യത്തിന് ആർക്കും പരിക്കേറ്റില്ല. രണ്ടര മണിയോടെയാണ് മതിലിടിഞ്ഞത്. ഇലക്ട്രിക് പോസ്റ്റ്കളും വീണതോടെ വൈദ്യുതി തടസ്സപ്പെട്ടു. ഈ റോഡിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ആശുപത്രിയുടെ ബാക്കി ഭാഗം മതിലും ഏത് സമയവും വീഴാവുന്ന നിലയിലാണ്.
കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ജയിലിന്റെ പുറകുവശത്തെ മതിലാണ് വീണത്. ജയിലിലെ കോഴിഫാമിനോട് ചേർന്നുള്ള ഒമ്പതാം ബ്ലോക്കിന് സമീപം 25 മീറ്ററോളം ദൂരത്തിൽ മതിൽ ഇടിഞ്ഞു. തൽകാലികമായി ഷീറ്റ് വച്ച് ഇവിടം മറയ്ക്കുമെന്നും അവധിയിൽ പോയ ഉദ്യോഗസ്ഥരോട് തിരികെ വരാൻ പറഞ്ഞിട്ടുണ്ടെന്നും ജയിലിൽ സുരക്ഷ ശക്തമാക്കുമെന്നും സൂപ്രണ്ട് ഡോ. പി വിജയൻ അറിയിച്ചു.
കാസർഗോഡ് നീലേശ്വരം വില്ലേജ് ഓഫീസ് ഭാഗികമായി തകർന്നു. ആർക്കും അപകടമില്ല. ഓഫീസിൽ നിന്ന് ഫയലുകൾ മാറ്റി. കാസർഡോഡ് തീരപ്രദേശങ്ങളിൽ കാലാക്രമണം രൂക്ഷമാണ്. തൃക്കണ്ണാടിൽ രണ്ട് വീടുകൾ പൂർണമായും കടലെടുത്തു. ഉദുമയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി.
കനത്ത മഴയിൽ മലപ്പുറം നിലമ്പൂർ വഴിക്കടവില്‍ താല്‍കാലിക പാത ഒലിച്ചുപോയി. വയനാട്ടിലും മലപ്പുറത്തും ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. കോഴിക്കോട് ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിലായി.
പത്തനംതിട്ട തിരുവല്ലയിൽ നിരണം പനച്ചിമൂട് എസ് മുക്കിൽ സി എസ് ഐ പള്ളി തകർന്നുവീണു. പത്തനംതിട്ട,കോട്ടയം ജില്ലകളിലെ നാല് നദികളിൽ ജലനിരപ്പ് ഉയർന്നു. മണിമലയാർ, അച്ചൻകോവിലാർ, മീനച്ചിലാർ, പമ്പ നദികളിലാണ് ജലനിരപ്പ് ഉയർന്നത്. ശക്തമായ മഴയിൽ കോട്ടയം മുണ്ടക്കയത്ത് മലവെളളപാച്ചിലുണ്ടായി. ഇടുക്കി പീരുമേട് 48 മണിക്കൂറിൽ 321 mm മഴയാണ് പെയ്തത്. കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ തുറന്നു. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി.
Post a Comment