ഗ്വാളിയോര്‍: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ മദ്ധ്യപ്രദേശില്‍ തന്നെ മറ്റൊരു യുവാവിനെ ക്രൂരമായി മര്‍ദിച്ച് കാല്‍ നക്കിക്കുന്ന വീഡിയോ പുറത്ത്. ഗ്വാളിയോറില്‍, ഓടുന്ന വാഹനത്തില്‍ വെച്ച് യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
മര്‍ദിക്കുന്നവരും മര്‍ദനമേറ്റവരും ഗ്വാളിയോര്‍ ജില്ലയിലെ ദബ്റ ടൗണിലുള്ളവരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. വാഹനത്തിലെ പിന്‍ സീറ്റിലിരിക്കുന്ന ഒരാളെ മറ്റൊരാള്‍ ക്രൂരമായി മര്‍ദിക്കുന്നതും 'ഗോലു ഗുര്‍ജാര്‍ ബാപ് ഹെ' എന്ന് പറയാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇയാളുടെ കാല്‍ നക്കാന്‍ നിര്‍ബന്ധിച്ച് മര്‍ദിക്കുന്നു. യുവാവ് മര്‍ദിക്കുന്നയാളുടെ കാല്‍ നക്കുന്നതും വീഡിയോയിലുണ്ട്. യുവാവിന് നേരെ അസഭ്യവര്‍ഷം നടത്തുകയും മുഖത്തും തലയിലും മര്‍ദിക്കുകയും ചെയ്യുന്നുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വീഡിയോ ക്ലിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ദബ്റ സബ് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. മര്‍ദ്ദനമേറ്റ യുവാവിന്റെ പരാതിയില്‍ തട്ടിക്കൊണ്ട് പോകലും മര്‍ദനവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് ഒരാള്‍ മൂത്രമൊഴിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നത്. ഈ സംഭവത്തില്‍ പ്രവീണ്‍ ശുക്ല എന്നൊരാളെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആദിവാസി യുവാവിനെ നേരിട്ട് കണ്ട് കാല്‍ കഴുകി ക്ഷമാപണം നടത്തുകയായിരുന്നു. പ്രതിയുടെ വീടിന്‍റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അനധികൃത നിര്‍മ്മാണമെന്ന് കാണിച്ചായിരുന്നു നടപടി.
Post a Comment