ഉളിക്കൽ : കാലാങ്കിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. കാലാങ്കി മേലോത്തുംകുന്ന് ഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയോളമായി രാത്രിയെന്നോ പകലെന്നോ വ്യത്യസ്ത മില്ലാതെ കാട്ടാനകൾ ജീവനും സ്വത്തിനും ഭേഷായി തീർക്കുന്നത്. ചേക്കാതടത്തിൽ ജോയി, അഡ്വ. എൽദോ, കുശലമന്ദിരം കൃഷ്ണൻകുട്ടി, സുധർമ്മ മുരളീമന്ദിരം, ആന്റണി, അജയകുമാർ, പുന്നമൂട്ടിൽ ശോശാമ്മ, തോമസ് മുട്ടത്തിൽ, ശശി, ജിജു, സരോജിനിയമ്മ, സജി ചക്കാലക്കുന്നേൽ, മുരളി, സാബു പഴയാൻതടത്തിൽ, തുടങ്ങിയ നിരവധി ആളുകളുടെ കൃഷിയിടങ്ങളിലാണ് കാട്ടാന കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചത്.
കർണ്ണാടക വന നിന്നുമാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്. കലാങ്കി ടൗണിന് 500 മീറ്റർ അരികെ വരെ കാട്ടാന കൂട്ടം എത്തി. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ അധികൃതർ എത്തുന്നത് വളരെ വൈകി മാത്രമാണ്. ആനയെ തിരികെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും 12 ഓളം വരുന്ന ആനക്കൂട്ടം മൂന്ന് നാല് ഗ്രൂപ്പുകളായി വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഈ മേഖലയിലെ താമസക്കാരിൽ അധികവും വീടും സ്ഥലവും വിറ്റ് മറ്റു സ്ഥലങ്ങളിലേക്ക് മാറിയതോടെ ഇത്തരം പല സ്ഥലങ്ങളും കാടുകയറി വന്യമൃഗങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. വനാദിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത വേലികൾ അധികവും അറ്റകുറ്റപ്പണികൾ നടത്താതെ പ്രവർത്തനരഹിതമായി കിടക്കുന്നതും ആനയ്ക്കും മറ്റ് വന്യമൃഗങ്ങൾക്കും കൃഷിയിടങ്ങളിൽ യഥേഷ്ടം പ്രവേശിക്കാൻകാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ഉളിക്കൽ പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷനായ കാലാങ്കി മേലോത്തുംകുന്ന് മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിച്ചില്ലെങ്കിൽ സഞ്ചാരികളുടെ ജീവനുപോലും അത് ഭീഷണിയാകുന്ന അവസ്ഥയിലാണെന്നാണ് ഇവിടത്തുകാർ പറയുന്നത്.
മലയോര മേഖലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിച്ച് കാലാങ്കി ഉളിക്കൽ മേഖലകൾ കേന്ദ്രീകരിച്ച് അടിയന്തരമായി ഫോറസ്റ്റ് സ്റ്റേഷനും വാഹന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അനുവദിക്കണമെന്ന് സ്ഥലം സന്ദർശിച്ച സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
Post a Comment