തൃശൂർ: പട്ടാപ്പകൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ ആർപിഎഫ് ഓഫീസിനു മുന്നിൽ വച്ചായിരുന്നു സംഭവം. 20കാരനായ ഇതര സംസ്ഥാനക്കാരനാണ് പതിനാറുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇയാളെ പോലീസ് ഇപ്പോൾ തിരഞ്ഞു കൊണ്ടിരിക്കയാണ്.
ഇന്ന് രാവിലെയാണ് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി കൗൺസലിങ്ങിന് ഇവിടെ എത്തിച്ചത്. ഇതിനിടയിൽ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ അക്രമിച്ചാണ് ഓഫീസിൽ നിന്ന് പെൺകുട്ടിയെ കടത്തികൊണ്ടുപോയത്. ബിയർ ബോട്ടിൽ പൊട്ടിച്ചാണ് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ബിയർ ബോട്ടിൽ പൊട്ടിച്ച് തലക്ക് കുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവിന്‍റെ ആക്രമണത്തിൽ ചൈൽഡ് ലൈൻ അംഗം സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെയും പെൺകുട്ടിയെയും അവിടെ ഉണ്ടായിരുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. സംശയം തോന്നിയതോടെ പെൺകുട്ടിയെ ഓഫീസിലെത്തിച്ച് വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു.
കുട്ടിയുടെ മറ്റു വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ ഇതര സംസ്ഥാനക്കാരനായ ഇയാൾ ചൈൽഡ് ലൈൻ പ്രവർത്തകരെ അക്രമിച്ച ശേഷം പെൺകുട്ടിയെ കടത്തി കൊണ്ടു പോവുകയായിരുന്നു. പോലീസ് ഇതര സംസ്ഥാനക്കാരനായ ഇയാളെ കണ്ടെത്താനായി അന്വേക്ഷണം ഊർജിതമാക്കിയിട്ടുണ്ട്.
Post a Comment