തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ പതിനഞ്ചുകാരൻ മരണത്തിലേക്ക് നയിച്ചത് തലച്ചോറി തിന്നുന്ന അമീബയുടെ സാന്നിധ്യം മൂലമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഏതാണീ അമീബ, എങ്ങനെയാണിവ മനുഷ്യശരീരത്തിലേക്ക് കയറുന്നത് തുടങ്ങി സംശയങ്ങൾ നിരവധിയാണ്. അപൂർവ രോഗമായ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചാണ് പാണാവള്ളി സ്വദേശി ഗുരുദത്ത് മരിച്ചത്. തോട്ടിൽ കുളിക്കുമ്പോൾ ഗുരുദത്തിന്റെ ശരീരത്തിലേക്ക് അമീബ പ്രവേശിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ സംശയം.
തലച്ചോറ് തിന്നുന്ന അമീബയെന്നാണ് ഇവ അറിയപ്പെടുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് മനുഷ്യ ശരീരത്തിൽ കടക്കുന്നത്. പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കും. പനി തലവേദന, ഛർദി അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണിത്. കഴിഞ്ഞ മാസം 29നാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ പനി ബാധിച്ച് പ്രവേശിപ്പിച്ചത്. ഒന്നാം തീയതി കാഴ്ച മങ്ങിത്തുടങ്ങി, തലവേദന ഉണ്ടായി. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന സ്ഥിതിയായതോടെ വീട്ടുകാർ കൂടുതൽ ഭയന്നു. പിന്നീടാണ് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ വിദഗ്ദ പരിശോധനയിലാണ് മാരക അമീബ ശരീരത്തിലേക്ക് പ്രവേശിച്ചെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു.
ആലപ്പുഴ ജില്ലയിൽ മറ്റാർക്കും രോഗം ബാധിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ ഹരിതാ വി കുമാർ അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല ഇത്. അമീബ ശരീരത്തിലേക്ക് കടന്നാൽ മാത്രമേ അസ്വസ്ഥതകൾ അനുഭവപ്പെടൂ. മാലിന്യം കലർന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകും. അതിനാൽ തന്നെ ഇവ ഒഴിവാക്കണം. കേരളത്തിൽ 2017ൽ ആലപ്പുഴ നഗരസഭയിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്.
Post a Comment