ഇരിക്കൂർ : കനത്ത മഴയിൽ ഇരിക്കൂറിൽ സംസ്ഥാന പാതയോരം രണ്ടിടങ്ങളിൽ ഇടിഞ്ഞ് തകർന്നു. ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദിനു സമീപത്തെ കെ വി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കിണാക്കൂൽ വയൽപാത്ത് തറവാട് വീട്ടു മുറ്റത്തേക്കാണ് സംസ്ഥാന പാതയോരം തകർന്ന് വീണത്.
പാതയിലെ വൈദ്യുതത്തൂൺ നിലംപൊത്തി. പരസ്യ ബോർഡ് മറിഞ്ഞ് വീണു. ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ഇരിക്കൂർ ടൗൺ, മാമാനം, ചില്ലിത്തോട്, നിലാമുറ്റം തുടങ്ങിയ മേഖലകളിലെ വൈദ്യുതി വിതരണം പൂർണമായും സ്തംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം.
നാട്ടുകാർ അറിയിച്ച പ്രകാരം ഇരിക്കൂർ എസ് ഐ കെ ദിനേശന്റെ നേതൃത്വത്തിൽ പോലീസും കെഎസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. സംസ്ഥാന പാതയുടെ രണ്ടു ഭാഗങ്ങളിലായി 20 മീറ്റർ ദൂരം തകർന്നു വീണിട്ടുണ്ട്. പാതയുടെ ഒരു ഭാഗത്തു കൂടി മാത്രമാണിപ്പോൾ ഗതാഗതം നടക്കുന്നത്.
Post a Comment