Join News @ Iritty Whats App Group

ഇരിട്ടി കീഴ്പള്ളിയിലെ രണ്ടു വയസ്സുകാരി ദിയ ഫാത്തിമയുടെ തിരോധാനത്തിന് ഒമ്ബതാണ്ട്


ഇരിട്ടി: കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ - ഫാത്തിമത്ത് സുഹ്റ ദമ്ബതികളുടെ മകള്‍ രണ്ടു വയസ്സുകാരി ദിയ ഫാത്തിമയുടെ തിരോധാനത്തിന് ഒമ്ബതാണ്ട്.

പൊന്നോമനയുടെ വരവും കാത്ത് കണ്ണീരോടെ വഴിക്കണ്ണുമായി കാത്തിരിക്കയാണ് മാതാപിതാക്കള്‍. മകളുടെ തിരോധാനം സംബന്ധിച്ച്‌ ഇരുട്ടില്‍ തപ്പുന്ന പൊലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്ക് നയത്തില്‍ രോഷം കൊള്ളുകയാണ് ഇവര്‍. 

ഇവരുടെ നാലു മക്കളില്‍ രണ്ടാമത്തെ മകളായ ദിയ ഫാത്തിമയെ 2014 ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. അന്ന് രാവിലെ മുതല്‍ ഉണ്ടായ തോരാത്ത മഴയില്‍ വീടിനടുത്തു കൂടിയുള്ള കൈത്തോടിലെ വെള്ളത്തില്‍ അബദ്ധത്തില്‍ കുട്ടി അകപ്പെട്ടുവെന്നാണ് നാട്ടുകാരും ബന്ധുക്കളും നിഗമനത്തിലെത്തിയത്. 

ഇതനുസരിച്ച്‌ ബന്ധുക്കളും നാട്ടുകാരും പൊലീസും പുഴകളിലും മറ്റിടങ്ങളിലും ആഴ്ചകളോളം തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിച്ചവെച്ചു നടക്കാൻ പഠിച്ചു വരുന്ന തങ്ങളുടെ പൊന്നുമോള്‍ വീടിനടുത്തുനിന്നും 85 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാൻ ഒമ്ബതു വര്‍ഷം പിന്നിടുമ്ബോഴും മാതാപിതാക്കള്‍ക്ക് സാധിച്ചിട്ടില്ല. 

കാണാതാകുമ്ബോള്‍ കുട്ടിയുടെ ദേഹത്ത് രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. അന്നത്തെ ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. 

മകളുടെ തിരോധാനം സംബന്ധിച്ച്‌ ഹൈകോടതി അഭിഭാഷകൻ അരുണ്‍ കാരണവര്‍ മുഖേന കുട്ടിയുടെ പിതാവ് 2016ല്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു. കോടതിയുടെ ഇടപെടലിന്റെ ഭാഗമായി 2017 ആഗസ്റ്റില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി ദിനേശ് കശ്യപിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പ്രേമരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും പുതിയ വിവരമൊന്നും ലഭിച്ചില്ല.

ഇതിനിടെ കാണാതായ ദിയ ഫാത്തിമയുടെ രൂപസാദൃശ്യമുള്ള കുട്ടിയെ മറ്റ് മൂന്ന് കുട്ടികള്‍ക്കും ഒരു സ്ത്രീയും പുരുഷനുമൊപ്പം അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിലെ കടക്കു മുന്നില്‍ നില്‍ക്കുന്നതായ സി.സി ടി.വി ദൃശ്യം പുറത്തുവന്നു. ഇതുസംബന്ധിച്ച്‌ അന്വേഷിക്കാൻ അന്നത്തെ അന്വേഷണ സംഘം തയാറായിട്ടില്ല. കഴിഞ്ഞദിവസം ആലുവയില്‍ നടന്ന നാടിനെ നടുക്കിയ കുട്ടിയുടെ കൊലപാതക വാര്‍ത്ത കൂടി ചേര്‍ത്തുവെച്ചാല്‍ അങ്കമാലിയില്‍നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പല സംശയങ്ങള്‍ക്കും ഇടനല്‍കുന്നുണ്ട്.

 പ്രത്യേക അന്വേഷണ സംഘത്തലവൻ ഉള്‍പ്പെടെ സംഘത്തിലെ പല ഉദ്യോഗസ്ഥരും സര്‍വിസില്‍നിന്ന് വിരമിച്ചു. 

മകളുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കാണിച്ച്‌ ഏതാനും മാസം മുമ്ബ് വീണ്ടും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ദിയ ഫാത്തിമയുടെ മാതാപിതാക്കള്‍. 

പ്രധാനമന്ത്രി, മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും രണ്ടു മാസം മുമ്ബ് പരാതിയും നല്‍കിയിട്ടുണ്ട്. 

കീഴ്പ്പള്ളിയിലെ കോഴിയോട്ടെ വീട്ടില്‍നിന്നും താമസം മാറി നാല് മക്കള്‍ക്കൊപ്പം പുതിയങ്ങാടി ടൗണിനടുത്താണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group