Join News @ Iritty Whats App Group

എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത തെരഞ്ഞെടുത്തിട്ടില്ല; പ്രകോപന മുദ്രാവാക്യത്തില്‍ തിരുത്തലുമായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍


മലപ്പുറം: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ തിരുത്തലുമായി മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. ലീഗിന് ഒരു സംസ്‌കാരവും വ്യക്തിത്വവുമുണ്ട്. അഭിമാനകരമായ ചരിത്ര പാരമ്പര്യവുമുണ്ട്.
എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. അത് ശരിയുമല്ല. ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന നിലക്കും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താന്‍ നമുക്ക് അധികാരമില്ല. സാമൂഹിക സഹവര്‍ത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോള്‍ എല്ലാവര്‍ക്കും നഷ്ടം സംഭവിക്കും.- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

നമുക്കൊരു സംസ്‌കാരമുണ്ട്. വ്യക്തിത്വമുണ്ട്. അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമുണ്ട്. എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. അത് ശരിയുമല്ല.
ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന നിലക്കും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താന്‍ നമുക്ക് അധികാരമില്ല. സാമൂഹിക സഹവര്‍ത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോള്‍ എല്ലാവര്‍ക്കും നഷ്ടം സംഭവിക്കും.
വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവര്‍ത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്‍ക്കൊള്ളണം. പ്രവര്‍ത്തികളില്‍ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണം. വ്യക്തിത്വം പുലര്‍ത്തണം.
ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോല്‍പിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികള്‍ കേരളത്തിന്റെ മണ്ണില്‍ വളരാത്തതിന് കാരണം നമ്മുടെ സ്നേഹവും സഹവര്‍ത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.
ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്ലിംലീഗിന്റെ ചരിത്രം ആര്‍ക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാള്‍ക്കും അതെടുത്ത് വായിക്കാം. അതില്‍ ദുരൂഹതകളില്ല. ദുര്‍ഗ്രാഹ്യതകളില്ല. മുസ്ലിംലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവര്‍ക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും.
സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍
പാണക്കാട്

Post a Comment

Previous Post Next Post
Join Our Whats App Group