കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിനെ തിരഞ്ഞെടുത്തത് ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിൽ. യുജിസി ചട്ടങ്ങളെക്കുറിച്ചുള്ള കേരളാ ഹൈക്കോടതിയുടെ വ്യാഖ്യാനം തികച്ചും തെറ്റാണെന്ന് യുജിസി സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ വാദിച്ചു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയാണ് പ്രിയ വർഗീസ്.
യുജിസി ചട്ടങ്ങളുടെ തെറ്റായ വ്യാഖ്യാനം കോടതിയലക്ഷ്യം ആണെന്നും ഹൈക്കോടതിയുടെ കണ്ടെത്തലുകൾ തികച്ചും തെറ്റാണെന്നും യുജിസി വ്യക്തമാക്കി. സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാൻ തക്ക അനുഭവ സമ്പത്ത് പ്രിയാ വർഗീസിന് ഉണ്ടെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരുന്നത്. എന്നാൽ സ്വന്തം ചട്ടങ്ങളെക്കുറിച്ച് യുജിസിക്ക് എന്താണ് പറയാനുള്ളത് എന്ന് പരിഗണിക്കാതെയാണ് പ്രിയ വർഗീസിന് അനുകൂലമായി ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് കീഴിൽ പിഎച്ച്ഡിക്ക് പഠിച്ചതാണ് അധ്യാപന പരിചയം എന്ന രീതിയിൽ പ്രിയ വർഗീസ് അവതരിപ്പിച്ചത്. എന്നാൽ ഇക്കാര്യം വിശദീകരിക്കുന്നതിൽ സിംഗിൾ ബെഞ്ച് ജഡ്ജി ഗുരുതരമായ പിഴവ് വരുത്തിയെന്ന് യുജിസി അപ്പീലിൽ ചൂണ്ടിക്കാട്ടി. എന്നാൽ പ്രിയ പിഎച്ച്‌ഡിയ്ക്ക് പഠിക്കുമ്പോൾ അധ്യാപന നിയമനങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നും അവർ മുഴുവൻ സമയ റിസർച്ച് സ്കോളറായിരുന്നു എന്നും യുജിസി ചൂണ്ടിക്കാട്ടി. യുജിസി ചട്ടങ്ങൾക്കനുസരിച്ച അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന് യു.ജി.സി നേരത്തേ കേരള ഹൈക്കോടതിയെയും അറിയിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനം കേരള ഹൈക്കോടതി ശരിവെച്ചത്. പ്രിയാ വർഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ഹൈക്കോടതി വിധിയോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യുജിസി നിലപാട്. പ്രിയാ വർഗീസിന് അനുകൂലമായ വിധി ചൂണ്ടിക്കാട്ടി, അധ്യാപന പരിചയം ഇല്ലാത്ത ചില ഉദ്യോഗാർത്ഥികൾ അസോസിയേറ്റ് പ്രൊഫസറാകാൻ നിയമ പോരാട്ടം നടത്തിയേക്കും എന്ന ആശങ്കയുണ്ടെന്നും യുജിസി മുൻപ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
യുജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ല എന്നും യുജിസി ചൂണ്ടിക്കാട്ടുന്നു. പിഎച്ച്ഡി ബിരുദം നേടാൻ എടുക്കുന്ന സമയവും ഗവേഷണ കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കണമെങ്കിൽ, അവധിയൊന്നും എടുക്കാതെ ഇതിനോടൊപ്പം തന്നെ അദ്ധ്യാപന ജോലിയും ഒരേസമയം ചെയ്യേണ്ടതുണ്ടെന്നും യുജിസി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത്.
Post a Comment