പാലക്കാട്: കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ ശക്തമായ നടപടിയുമായി പാലക്കാട്ടെ ചെർപ്പുളശ്ശേരി പൊലീസ്. രണ്ട് മാസത്തിനിടെ ഇരു ചക്രവാഹനമോടിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് പ്രകാരം 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. കൂടാതെ ഇവരിൽനിന്ന് രണ്ടരലക്ഷം രൂപ പിഴയും ഇടാക്കി. പൊലീസ് നേരിട്ട് കണ്ടെത്തിയ നിമയലംഘനങ്ങളിലാണ് ശക്തമായ നടപടി സ്വീകരിച്ചതെന്ന് കേരളകൌമുദി റിപ്പോർട്ട് ചെയ്തു.
നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് വാഹന ഉടമക്കെതിരെയും രക്ഷിതാക്കള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും കൂളിംഗ് ഫിലിം ഒട്ടിച്ചതിനും ജൂണ്‍ മാസത്തില്‍ മാത്രം ആയിരത്തില്‍ അധികം കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിൽ മാത്രം 1.84 ലക്ഷം രൂപ പിഴ ഈടാക്കി.
ജൂണ്‍ മാസത്തില്‍ പതിനായിരം രൂപ വരെ പിഴ ഈടാക്കുന്ന 32 അമിതവേഗ കേസുകളും മദ്യപിച്ച് വാഹന ഓടിച്ചതിന് 6 കേസുകളും ചെർപ്പുളശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വർഷം ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 143 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 13 പേർക്ക് ജീവൻ നഷ്ടമായി.
ഈ സാഹചര്യത്തിലാണ് അപകടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ചെർപ്പുളശ്ശേരി എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. 2023 ജൂലായ് വരെ 40 അപകടവും രണ്ട് മരണവും മാത്രമാണുണ്ടായതെന്നും പൊലീസ് വ്യക്തമാക്കുന്നു.
ലൈസൻസ് ഇല്ലാതെ കുട്ടികള്‍ വാഹനം ഓടിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും അപകടവും മരണവും ഇല്ലാതിരിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടി ശക്തമാക്കുമെന്നും ചെർപ്പുളശ്ശേരി എസ്എച്ച്ഒ ശികുമാര്‍ പറഞ്ഞു.
Post a Comment