ന്യൂദല്‍ഹി: മണാലിയില്‍ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ മലപ്പുറത്ത് നിന്ന് പോയ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍. മലപ്പുറം സ്വദേശികളായ ആറ് പേരാണ് മണാലിയില്‍ കുടുങ്ങികിടക്കുന്നത്. ഏഴാം തിയതി മണാലിയിലേക്ക് പുറപ്പെട്ട ജംഷീദ്, ഇദ്ദേഹത്തിന്റെ ഭാര്യ, രണ്ട് മക്കള്‍ എന്നിവരെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മണാലിയില്‍ എത്തിയ ശേഷം ഹോട്ടലില്‍ മുറിയെടുത്തതിന്റെ ചിത്രങ്ങള്‍ ഇവര്‍ ബന്ധുക്കള്‍ അയച്ച് കൊടുത്തിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിക്കുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവരെ കൂടാതെ മലപ്പുറത്ത് നിന്ന് രണ്ട് പേര്‍ കൂടി മണാലിയില്‍ എത്തിയിട്ടുണ്ട്. അതേസമയം കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മണാലിയില്‍ കുടുങ്ങിയിരിക്കുകയാണ്.
ഇതോടെ മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ 61 ആയി ഉയര്‍ന്നു. എന്നാല്‍ ഷിംല, മണാലി എന്നിവിടങ്ങളിലെ ജില്ലാ ഭരണകൂടങ്ങള്‍ പറയുന്നത് പ്രകാരം ഇതിലേറെ മലയാളികള്‍ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊതുവെ ഈ സീസണില്‍ നിരവധി പേര്‍ മണാലിയില്‍ എത്താറുണ്ട്. മലയാളികളായിരിക്കും ഇതില്‍ ഭൂരിഭാഗവും ഉണ്ടാകാറുള്ളത്. എന്നാല്‍ നിലവില്‍ ഇവരെല്ലാം സുരക്ഷിതരാണ് എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
കസോളില്‍ കുടുങ്ങിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 18 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിലെ 17 വനിതാ ഡോക്ടര്‍മാരെ നിലവില്‍ മണാലിയിലെ ഹഡിംബ ഹോം സ്റ്റെയിലാണാണ് പാര്‍പ്പിച്ചിരിക്കുന്നത്. 10 പേര്‍ കോസ്‌കാറിലെ ഡോര്‍മെട്രിയിലും 6 മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘം മണ്ടിയിലും തുടരുകയാണ്.
ഇവരെ കൂടാതെ 10 പേര്‍ കൂടി ഉണ്ട്. ഇവരെയാണ് ബന്ധപ്പെടാനാകുന്നില്ല എന്ന് അധികൃതര്‍ പറയുന്നത്. കനത്ത മഴയില്‍ 400 ഓളം വിനോദ സഞ്ചാരികള്‍ പലയിടങ്ങളില്‍ ആയി കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ 8 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ 12 സംഘങ്ങള്‍ ദുരന്ത നിവാരണത്തിനായി സംസ്ഥാനത്തെത്തി.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 20 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്ന് നങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാന വിനോദ സഞ്ചാര മേഖലകളായ പലയിടത്തും നദികള്‍ അപകടരമാം വിധം കരകവിഞ്ഞൊഴുകയാണ്. ഷിംല, കുളു, സോലന്‍, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിര്‍മൗര്‍ ജില്ലകളില്‍ ആണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Post a Comment