Join News @ Iritty Whats App Group

'ഇസ്ലാമിന് രാജ്യത്ത് സവിശേഷമായ അഭിമാനസ്ഥാനം': ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍


നൂറ്റാണ്ടുകളായി ഐക്യത്തോടെ നിലനില്‍ക്കുന്ന സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. ഇന്ത്യയിലെ മതവിഭാഗങ്ങള്‍ക്കിടയില്‍ ഇസ്ലാംമതത്തിന് അതിവിശിഷ്ടമായ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ അബുദുള്‍കരീം അല്‍ ഇസയും പരിപാടിയില്‍ സന്നിഹിതനായിരുന്നു.

ഇസ്ലാംമതത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിച്ച മികച്ചൊരു പണ്ഡിതനാണ് അല്‍ ഇസയെന്ന് ഡോവല്‍ പറഞ്ഞു.ഇന്ത്യയും സൗദിയും തമ്മിലുള്ള മികച്ച ബന്ധത്തെ പുകഴ്ത്തിയ അദ്ദേഹം, സാംസ്‌കാരിക പൈതൃകം, മൂല്യങ്ങള്‍, സാമ്പത്തിക ബന്ധം എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആഴമേറിയതാണെന്നും പറഞ്ഞു. ഭാവിയെക്കുറിച്ച് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ പൊതുവായ കാഴ്ചപ്പാട് ആണ് പങ്കിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ അവിശ്വസനീയമായവിധം വൈവിധ്യങ്ങളുടെ നാടാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. ”നിങ്ങളുടെ പ്രസംഗത്തില്‍ (അല്‍-ഇസ) ഇന്ത്യയുടെ അടിസ്ഥാന സ്വഭാവമായി വൈവിധ്യത്തെക്കുറിച്ച് നിങ്ങള്‍ വിശദമായി പരാമര്‍ശിക്കുകയുണ്ടായി. സംസ്‌കാരങ്ങള്‍, മതങ്ങള്‍, ഭാഷ, ഗോത്രവര്‍ഗങ്ങള്‍ എന്നിവയുടെ സംഗമഭൂമിയാണ് ഇന്ത്യ. നൂറ്റാണ്ടുകളായി ഇവിടെ ഐക്യം നിലനില്‍ക്കുന്നു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യമെന്ന നിലയില്‍, മതം, വംശീയത, സംസ്‌കാരം തുടങ്ങിയ സ്വത്വങ്ങള്‍ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും വിജയകരമായി ഇടം നല്‍കാന്‍ ഇന്ത്യക്ക് കഴിഞ്ഞു” ഡോവല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഒട്ടനവധി മതവിഭാഗങ്ങള്‍ക്കിടയില്‍ അഭിമാനം നിറഞ്ഞ അതിവിശിഷ്ടമായ സ്ഥാനം ഇസ്ലാം മതം നേടിയെടുത്തിട്ടുണ്ട്. ലോകത്തില്‍ മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനില്‍ (ഒഐസി) അംഗമായിരിക്കുന്ന 33 രാജ്യങ്ങളിലെ സംയോജിത ജനസംഖ്യക്ക് തുല്യമാണെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കിടയില്‍ ഐക്യത്തിന്റെയും ധാരണയുടെയും പ്രധാന്യം ഖുറാന്‍ ഊന്നിപ്പറയുന്നു. ഓരോ വിഭാഗങ്ങളും തമ്മിലുള്ള പരസ്പര ബന്ധവും അംഗീകാരവും എളുപ്പമാക്കുന്നതിനാണ് നമ്മള്‍ മനുഷ്യല്‍ സൃഷ്ടിക്കപ്പെട്ടതും വ്യത്യസ്ത സമുദായങ്ങളായും ഗോത്രവിഭാഗങ്ങളായും വിഭജിക്കപ്പെട്ടതെന്നതും ആഴമേറിയ ആശയമാണ്.

പ്രവാചകന്‍ മുഹമ്മതിന്റെ കാലത്തേ ഇസ്ലാം മതം ഇന്ത്യയിലെത്തി. തുടര്‍ന്ന് ഇന്ത്യയില്‍ പതിയെ ഒരു സ്ഥാനം കണ്ടെത്തി. ഇന്ത്യയുടെ സംസ്‌കാരിക ജീവിതവുമായി ഇഴകി ചേര്‍ന്നിരിക്കുന്ന സവിശേഷമായ പാരമ്പര്യം അത് ഇവിടെ സൃഷ്ടിച്ചെടുത്തു-ഡോവല്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group