ഇരിട്ടി: പ്രധാനമന്ത്രിയുടെ ഗ്രാമിണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന തില്ലങ്കേരിപഞ്ചായത്തിലെ വാഴക്കാല്‍ - ഊര്‍പ്പള്ളി-തെക്കംപൊയില്‍ റോഡ് ചെളിക്കുളമായി. പഞ്ചായത്തിലെ രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള കാലാവധി കഴിഞ്ഞിട്ടും നവീകരണം ഇഴഞ്ഞുനീങ്ങുകയാണ്. മഴ ആരംഭിച്ചതോടെ വയൽ ഉഴുതു മറിച്ചിട്ടതിന് സമാനമായി റോഡ് ചെളിക്കുളമായി മാറിയത് ഈ റോഡിനിരുവശവും അധിവസിച്ചു വരുന്ന നൂറ് കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കി.
2019ല്‍ കെ. സുധാകരന്‍ എം പിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് റോഡ് പ്രധാനമന്ത്രി ഗ്രാമിണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.50കോടി രൂപ അനുവദിക്കുന്നത്. മൂന്നര കിലോമീറ്റര്‍ നീളമുള്ള നിലവിലുള്ള റോഡ് 3.75 മീറ്ററായി വീതികൂട്ടി 2022 എപ്രിലില്‍ തുടങ്ങി 2023 എപ്രിലില്‍ അവസാനിക്കുന്ന രീതിയില്‍ പ്രവൃത്തി പൂര്‍ത്തികരിക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍ റോഡ് പൂര്‍ത്തികരണ സമയംകഴിഞ്ഞ് രണ്ട് മാസം പി്ന്നിട്ടിട്ടും പ്രവൃത്തിയുടെ പാതിപോലും നടന്നിട്ടില്ല. നിലവിലെ റോഡ് വാഴക്കാല്‍ മുതല്‍ പൂമരം വരെയുള്ള ഭാഗം മുഴുവന്‍ കിളച്ച് മാറ്റി മണ്ണിട്ട് കല്ലിടുന്ന പ്രവൃത്തിയാണ് ഇതിനകം പൂർത്തിയായത്. എട്ട് കലുങ്കുകളുടെ പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. പൂമരം മുതല്‍ തെക്കംപൊയില്‍ വരെയുള്ള ഭാഗത്തെ നിലവിലുള്ള റോഡ് പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഇതുവരെ നടന്നിട്ടില്ല. പാറേങ്ങാട്, ഊര്‍പ്പളളി, പൂമരം പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ തില്ലങ്കേരി ടൗണില്‍ എത്തിചേരാന്‍ കഴിയുന്ന റോഡാണിത്. കാലവര്‍ഷം കനത്തതോടെ വാഹനങ്ങളിലോ നടന്നോ പോകാന്‍കഴിയാത്ത ദുരിതത്തിലാണിപ്പോള്‍ നാട്ടുകാര്‍. ടാക്‌സി വാഹനങ്ങള്‍ മുഴുവൻ റോഡിലൂടെയുള്ള ഓട്ടംനിര്‍ത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചുമലിലേറ്റി റോഡ് കടത്തേണ്ട അവസ്ഥയാണിപ്പോള്‍ രക്ഷിതാക്കള്‍ക്ക്. മഴ ശക്തമായി തുടരുന്നതിനാൽ ടാറിംങ് ഒഴിച്ചുള്ള മറ്റ് പ്രവൃത്തികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കിയാല്‍ നടന്നെങ്കിലും പോകാന്‍ കഴിയുമല്ലോയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post a Comment