കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നും മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണ്. കടുത്ത രക്ത സമ്മര്‍ദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പി ഡി പി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.
സുപ്രീം കോടതി അനുമതിയോടെയാണ് മദനി കേരളത്തില്‍ എത്തിയത്. ജൂലായ് 17ന് ആണ് സുപ്രീം കോടതി മദനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ഹാജരാകണം. കൊല്ലം ജില്ലയിലാണ് മദനി കഴിയേണ്ടത്.
എന്നാല്‍ ചികിത്സയുടെ ആവശ്യത്തിന് ജില്ല വിട്ട് പുറത്തുപോകാം. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബംഗളൂരുവില്‍ എത്തണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ മാസം മദനി കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പിതാവിനെ കാണണം എന്ന ആഗ്രഹം നടന്നില്ല.
നേരത്തെ കേരളത്തിലേക്ക് പോകണമെങ്കില്‍ 60 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്നാണ് കര്‍ണാടക പൊലീസ് അറിയിച്ചത്. ഇതിനെതിരെ മദനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. രോഗശയ്യയിലുള്ള പിതാവിനെ കാണണം, തന്റെ ചികില്‍സ നടത്തണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മദനി സുപ്രീംകോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയത്.
സുപ്രീംകോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. കര്‍ണാടക പോലീസിന്റെ അകമ്പടിയില്‍ നാട്ടില്‍ പോകാനാണ് കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം കര്‍ണാടക പോലീസിനെ അറിയിച്ചപ്പോള്‍ അവര്‍ ഒരു സംഘത്തെ കേരളത്തിലേക്ക് അയച്ചു. കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേരളത്തിലേക്കുള്ള മദനിയുടെ യാത്ര സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതുപ്രകാരമാണ് 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു പോലീസ് നിര്‍ദേശിച്ചത്. ഇത്രയും വലിയ തുക കെട്ടിവെക്കാനില്ലെന്നും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുമാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ മകന്റെ വിവാഹ വേളയില്‍ നാട്ടില്‍ പോകാന്‍ കോടതി അനുമതി നല്‍കിയപ്പോള്‍ വലിയ തുക കെട്ടിവയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുകയും കോടതി ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് അന്ന് നാട്ടില്‍ പോയത്.
Post a Comment