കൊല്ലം: വ്യാജ രേഖയുണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ചത് സർക്കാർ ജോലി കിട്ടാത്തതിന്റെ നിരാശയിലെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ എഴുകോൺ സ്വദേശിനി ആർ രാഖി. വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പളളി താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ രാഖിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വ്യാജരേഖകള്‍ സ്വയം തയാറാക്കിയതാണെന്നാണ് രാഖി വെളിപ്പെടുത്തിയത്. രാഖിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർക്ക് വ്യാജ രേഖയാണെന്ന് അറിയില്ലെന്നാണ് പ്രാഥമിക വിവരം. യഥാര്‍ഥ രേഖ ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്നായിരുന്നു സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് രാഖിയുടെ ഭര്‍ത്താവ് പറഞ്ഞത്.
എഴുകോൺ ബദാം ജങ്ഷനിൽ രാഖി നിവാസിൽ ആർ.രാഖി എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പളളി താലൂക്ക് ഓഫിസില്‍ എത്തിയത്. രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ രേഖകൾ സ്വീകരിക്കാതെ രാഖിയെ പറഞ്ഞയക്കുകയായിരുന്നു.
റവന്യൂ വകുപ്പില്‍ ജോലി ലഭിച്ചെന്ന് കാണിക്കുന്ന പിഎസ്‍സിയുടെ അഡ്വൈസ് മെമോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്മെന്റ് ലെറ്റർ എന്നിവ സഹിതമാണ് രാഖി എത്തിയത്. മൊബൈലിലാണ് ഈ രേഖകളെല്ലാം ഉണ്ടാക്കിയതെന്നാണ് രാഖി പൊലീസിനോട് പറഞ്ഞത്.
കരുനാഗപ്പള്ളിയിൽ നിന്ന് ഉദ്യോഗസ്ഥര്‍ മടക്കി അയച്ചതിനെ തുടർന്ന് രാഖിയും കുടുംബവും പിന്നീട് കൊല്ലത്തെ ജില്ലാ പിഎസ്‌സി ഓഫിസിലെത്തി. രാഖിയുടെ കൈവശം ഉണ്ടായിരുന്ന രേഖകൾ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കും സംശയം തോന്നി. തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും തടഞ്ഞുവച്ചു.
പിഎസ്‍സി റീജണല്‍ ഓഫീസറും ജില്ലാ ഓഫീസറും നടത്തിയ പരിശോധനയിൽ രേഖകൾ വ്യാജമാണെന്ന് വ്യക്തമായി. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 102 –ാം റാങ്ക് ഉണ്ടെന്നാണ് രാഖി വാദിച്ചിരുന്നത്. എന്നാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതിയെന്ന് യുവതി പറഞ്ഞ ദിവസം സെന്ററായ സ്കൂളിൽ പരീക്ഷ നടന്നിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
സ്ഥലത്തെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവതി വ്യാജ രേഖ ഉണ്ടാക്കിയ വിവരം സമ്മതിച്ചത്.
Post a Comment