കണ്ണൂർ: ആലക്കോട് തേർത്തല്ലിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി ബ്ലാക്ക്മാന്റെ വിളയാട്ടം. രാത്രികാലങ്ങളിൽ വീട്ടിലെത്തി ആളുകളെ ഭയപ്പെടുത്തുന്ന രീതി പതിവായതോടെ പലരും പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്. മാസങ്ങളായി ഉറക്കം കെടുത്തുന്ന ബ്ലാക്ക്മാനെ പിടിക്കാൻ ഉറക്കമിളച്ച് നിൽക്കുകയാണ് ഒരു നാട്.
ഒരു മാസം മുമ്പാണ് തേർത്തല്ലി കോടോപള്ളിയിലെ കുഞ്ഞമ്മയുടെ വീട്ടിൽ ആദ്യമായി ബ്ലാക്ക്മാനെ കണ്ടത്. രാവിലെ അഞ്ചുമണിയോടെ അടുക്കള ഭാഗത്ത് ഗ്രില്ലിൽ പിടിച്ചു നിൽക്കുന്ന നിലയിലായിരുന്നു ബ്ലാക്ക്മാനെ അന്ന് കുഞ്ഞമ്മ കണ്ടത് . ദേഹമാസകലം കരിപൂശിയ നിലയിൽ ഇയാളെ കണ്ടതോടെ കുഞ്ഞമ്മ അലറി വിളിക്കുകയായിരുന്നു. വീട്ടിലുള്ള മറ്റുള്ളവർ ഓടിയെത്തുമ്പോഴേക്കും ബ്ലാക്ക് മാൻ ഇരുളിൽ മറയുകയായിരുന്നു. ഇത്തരം സംഭവങ്ങൾ പതിവായതോടെയാണ് ബ്ലാക്ക്മാനെ പിടിക്കാൻ നാട്ടുകാർ ഉറക്കമിളച്ച് റോന്ത് ചുറ്റുന്നത്.
ആദ്യകാലങ്ങളിൽ അർദ്ധരാത്രിയിലായിരുന്നു ബ്ലാക്ക് മാന്റെ സഞ്ചാരമെങ്കിൽ ഈയിടെയായി ഏഴര മണിയോടുകൂടി പല വീടുകളിലും ബ്ലാക്ക്മാന്റെ സാന്നിധ്യം കണ്ടെത്താനായെന്ന് നാട്ടുകാർ പറയുന്നു. കോടോപ്പള്ളി, പനംകുറ്റി, ആലത്താം വിളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ബ്ലാക്ക് മാനെ കണ്ടതായി നാട്ടുകാർ പറയുന്നു
ഒരേസമയം രണ്ടിടങ്ങളിൽ സാന്നിധ്യം കണ്ടെത്തിയത് സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഇവിടങ്ങളിൽ പോലീസ് പെട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും സാന്നിധ്യം അറിയിച്ച് ബ്ലാക്ക്മാൻ ആളുകളെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
Post a Comment