ഡൽഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന രാഹുൽ ഗാന്ധി ഇനി പുതിയ വീട്ടിലേക്ക്. സൗത്ത് ഡൽഹിയിലുള്ള അന്തരിച്ച മുൻ ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിയിലേക്കാണ് രാഹുൽ മാറുന്നത്. നിസാമുദീൻ ഈസ്റ്റിലെ ബി12 എന്നതായിരിക്കും ഇനി രാഹുലിന്റെ മേൽവിലാസം.
1991 മുതൽ 1998 വരെ ഷീല ദീക്ഷിത് ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 2015 ന് ശേഷം അവർ വീണ്ടും ഇതേ ഫ്ലാറ്റിലേക്ക് മാറിയിരുന്നു. അടുത്തിടെ ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് ഈ വസതിയിൽ നിന്നും മാറുന്നതായി അറിയിച്ചിരുന്നു. തുടർന്നാണ് ഇവിടേക്ക് താമസം മാറാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. ഈ ഫ്ലാറ്റിന്റെ ഉടമ രാഹുലിനെ സമീപിച്ചതായാണ് വിവരം.
ലോക്സഭ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതോടെ ഏപ്രിൽ 22 നായിരുന്നു രാഹുൽ ഗാന്ധി തുഗ്ലക്ക് ലെയിനിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. തുടർന്ന് അമ്മ സോണിയാ ഗാന്ധിക്കൊപ്പം ജൻപഥിലെ വസതിയിലായിരുന്നു രാഹുൽ കഴിഞ്ഞത്. 2004 ൽ അമേഠിയിൽ നിന്നും എംപിയായത് മുതൽ രാഹുൽ താമസിച്ചിരുന്നത് പന്ത്രണ്ടാം തുഗ്ലക് ലെയിനിലെ വസതിയിലായിരുന്നു.
കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ നടത്തിയ പ്രസംഗമായിരുന്നു രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലേക്ക് നയിച്ചത്. എന്താണ് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയുള്ളത് ' എന്നതായിരുന്നു രാഹുൽ നടത്തിയ പരാമർശം. ഇതിനെതിരെ സൂറത്തിലെ ബി ജെ പി എം എൽ എ ആയ പൂർണേഷ് മോദിയായിരുന്നു കേസ് കൊടുത്തത്.കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് വർഷം തടവ് ശിക്ഷയാണ് രാഹുലിന് വിധിച്ചത്. തുടർന്നാണ് രാഹുലിന്റെ വയനാട് ലോക്സഭാ അംഗത്വം റദ്ദാക്കുകയും ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പ് അയോഗ്യത നേരിടുകയും ചെയ്തത്.
അതേസമയം സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച പുനഃപരിശോധന ഹർജി കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. നിലനിൽക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ സ്റ്റേ ആവശ്യം ഉന്നയിച്ചതെന്നായിരുന്നു കോടതി പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് രാഹുൽ.
Post a Comment