Join News @ Iritty Whats App Group

കസേരകളിൽ ഉദ്യോഗസ്ഥരില്ല അയ്യൻകുന്ന് പഞ്ചായത്തോഫീസ് താഴിട്ടു പൂട്ടി പഞ്ചായത്തംഗം

ഇരിട്ടി: കൃത്യമായി ഓഫീസിൽ എത്തുന്നില്ലെന്നും ഉദ്യോഗസ്ഥരില്ലാതെ എഴുന്നൂറോളം ഫയലുകൾ മാസങ്ങളായി കെട്ടിക്കിടക്കുകയാണെന്നും ആരോപിച്ച് അയ്യൻകുന്ന് പഞ്ചായത്തംഗം ഓഫീസ് താഴിട്ടു പൂട്ടി പ്രതിഷേധിച്ചു. ഈന്തുംകരി വാർഡിനെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തിലെ ഏക ബി ജെ പി അംഗം ജോസ് എ വൺ ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. 
പഞ്ചായത്ത് ജീവനക്കാർ കൃത്യ സമയത്ത് ഓഫീസിൽ എത്താത്തതും സ്ഥലം മാറിപ്പോയ സിക്രട്ടറിക്ക് പകരം പുതുതായി ചാർജ്ജ് എടുത്ത സിക്രട്ടറി മൂന്നുമാസം അവധി എടുത്ത് പോയതും, പകരം ആർക്കും ചുമതല കൈമാറാത്തതും ഇതിൽ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമായ തീരുമാനം കൈക്കൊള്ളാത്തതും മറ്റുമാണ് ജോസിനെ ചൊടിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ജോസ് തന്റെ പ്രതിഷേധം തുടങ്ങിയത്. 
സിക്രട്ടറി അടക്കം പഞ്ചായത്ത് ഓഫീസിലെ 8 പേർക്കാണ് കൂട്ടത്തോടെ സ്ഥലം മാറ്റം ഉണ്ടായത് . പത്ത് ദിവസത്തിനുള്ളിൽ ചാർജ്ജ് എടുക്കണമെന്നും അല്ലാത്തപക്ഷം പകരം സംവിധാനം ഏർപ്പെടുത്താമെന്നുമുള്ള പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവിനെ മറികടന്നുകൊണ്ട് സിക്രട്ടറിക്ക് മാത്രമേ കൈമാറാൻ പാടുള്ളൂ എന്ന കണ്ണൂർ ജോയിന്റ് ഡയറക്ടറുടെ പുതിയ ഉത്തരവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്നാണ് പറയുന്നത്. പുതിയ സിക്രട്ടറി ജോലിയിൽ പ്രവേശിച്ച അന്ന് തന്നെ മൂന്നു മാസത്തെ അവധിയിൽ പോവുകയായിരുന്നു. ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് വന്നതോടെ സിക്രട്ടറിയുടെ അധികാരം ആർക്കും കൈമാറാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. ഇതോടെയാണ് ഓഫീസിലെ ദൈനംദിനകാര്യങ്ങൾ താളം തെറ്റിയത്. പുതുതായി എത്തിയ സിക്രട്ടറിക്കു ലീവ് അനുവദിച്ചിട്ടില്ലെന്നാണ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്നുമുള്ള വിവരം. 
ഇതോടെ സാധാരണക്കാരുടെ നിരവധി അപേക്ഷകളിൽ തീരുമാനമെടുക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് പഞ്ചായത്തിൽ ഉണ്ടായത്. ഓഫീസിൽ ഉള്ള ജീവനക്കാർ തന്നെ കൃത്യസമയങ്ങളിൽ ഓഫീസിൽ എത്തുന്നില്ല. പലരും തോന്നിയത് പോലെയാണ് ഓഫീസിൽ എത്തുന്നതെന്നും ജോസ് പറയുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ നിരവധി ജീവൽപ്രശ്നങ്ങളിൽ തീരുമാനമെടുക്കേണ്ട എഴുന്നൂറോളം ഫയലുകളാണ് മാസങ്ങളായി ഓഫീസിൽ കെട്ടിക്കിടക്കുന്നത്. ബിൽഡിങ് പെർമിറ്റ് മുതൽ പെൻഷൻ, വിവിധ സർട്ടിഫിക്കറ്റുകൾ അടക്കം വിദേശത്തു പോകേണ്ടവരുടെ അടക്കമുള്ളവരുടെ വിവിധ പ്രശ്നങ്ങൾ ഫയലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെല്ലാം നിത്യവും ഓഫീസിൽ വന്നു മടങ്ങിപ്പോകുന്ന ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. തത്പരകഷികളുടെ രാഷ്ട്രീയ അജണ്ടകൾ മാത്രമാണ് നടപ്പിലാകുന്നതെന്നും പ്രഡിഡന്റ് കൃത്യമായ ഇടപെടലുകൾ നടത്താത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും ജോസ് കുറ്റപ്പെടുത്തി. ജോയിന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ രാഷ്ട്രയ ഇടപെടലുകളും ഇതിൽ വ്യക്തമാണെന്നും ഇനിമുതൽ 10 മണിക്ക് ഓഫീസിൽ എത്താത്ത ജീവനക്കാരെ അതിനുശേഷം ഓഫീസിൽ കയറാൻ അനുവദിക്കില്ലെന്നും ജോസ് പറഞ്ഞു. 
 
ജോയിന്റ് ഡയറക്ടർ രാഷ്ട്രീയ ഒത്തുകളി നടത്തുന്നതായി പഞ്ചായത്ത് പ്രസിഡന്റ് 
 
ജോയിന്റ് ഡയറക്ടർ രാഷ്ട്രീയ ഒത്തുകളി നടത്തുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പിള്ളിക്കുന്നേൽ ആരോപിച്ചു. പഞ്ചയത്തു ഓഫീസിൽ ജീവനക്കാരുടെ അഭാവം മൂലം ജനങ്ങൾക്ക് യഥാസമയം നൽകേണ്ട സേവനങ്ങൾ നല്കാൻ കഴിയാതെ ഭരണസമിതി വീർപ്പുമുട്ടുകയാണ്. പഞ്ചായത്തിലെ നിലവിലുള്ള സെക്രട്ടറി മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറി പോവുകയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാൾ സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തെങ്കിലും മെഡിക്കൽ ട്രീറ്റ്മെന്റ് ആവശ്യമുള്ളതിനാൽ ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ മൂന്നുമാസത്തേക്ക് ലീവ് അപേക്ഷ നൽകി പോവുകയാണ് ഉണ്ടായത്. മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം അയാൾക്ക് 15 ദിവസത്തെ ലീവ് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും നിലവിൽ ജോലിയിൽ തുടരാനാണ് ജോയിന്റ് ഡയറക്ടർ ഉത്തരവിട്ടിരിക്കുന്നത്. സെക്രട്ടറി ലീവ് ആണെന്ന് ഇരിക്കെ തൊട്ടടുത്ത ഉദ്യോഗസ്ഥന് ചാർജ് കൊടുക്കണമെന്ന് ഡയറക്ടറുടെ നിർദ്ദേശം ഉണ്ടെങ്കിലും അതിനെ മറികടന്നുകൊണ്ട് ജോയിന്റ് ഡയറക്ടർ പ്രവർത്തിച്ചിരിക്കുകയാണ്. സെക്രട്ടറി ഇല്ലാത്തതു മൂലം ഭരണസമിതി മീറ്റിംഗ് വിളിച്ചു ചേർക്കുന്നതിനോ, ശുചിത്വവുമായി ബന്ധപ്പെട്ടുള്ള പ്രൊജക്ടുകൾ തയ്യാറാക്കി ഡിപിസിയിലേക്ക് നൽകുന്നതിനോ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെടുത്തി ജോയിന്റ ഡയറക്ടറെ വിളിച്ചിട്ടും അദ്ദേഹം ശരിയായ രീതിയിൽ ഇടപെടൽ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാത്തത് കൊണ്ട് ഇക്കാര്യം എംഎൽഎ സണ്ണി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം ഡയറക്ടറെ വിളിച്ച് അടിയന്തര ഇടപെടൽ നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും ചാർജുകൾ നൽകുന്നതിലും തികച്ചും പക്ഷപാതപരമായും, തികഞ്ഞ അവഗണനയോടെയും മറ്റ് ചില തൽപരകക്ഷികളുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ചട്ടുകമായും യുഡിഎഫ് ഭരിക്കുന്ന ഈ പഞ്ചായത്തിനോട് തീർത്തും വിവേചനപരമായാണ് ആണ് ജോയിന്റ് ഡയറക്ടർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ ജീവനക്കാരെ അടിയന്തരമായി നിയമിച്ചു പഞ്ചായത്തിലെ പ്രതിസന്ധി നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം . അല്ലാത്തപക്ഷം പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ജോയിന്റ് ഡയറക്ടറുടെ ഓഫീസിന് മുൻപിൽ ധർണ്ണ സമരം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group