Join News @ Iritty Whats App Group

'കണ്ണീർ പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്..'; അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലെ വിമർശനങ്ങളില്‍ പൊലീസ്




തിരുവനന്തപുരം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കേരളാ പൊലീസ്. പെണ്‍കുട്ടിയെ കാണാതായിയെന്ന പരാതി ലഭിച്ചത് മുതല്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരിക്കിലെത്തിക്കാന്‍ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പൊലീസുദ്യോഗസ്ഥനും വേദനയാണെന്ന് കേരള പൊലീസ് ഫേസ്ബുക്കിലൂടെ പറഞ്ഞു. പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് കേരള പൊലീസിന്റെ വിശദീകരണം. 

''കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്.. ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. CCTV ദൃശ്യങ്ങള്‍ ശേഖരിച്ചു പരമാവധി വേഗത്തില്‍ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരിലെത്തിക്കാന്‍ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.''-കേരള പൊലീസ് പറഞ്ഞു. 

കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി വിവേക് കുമാറും പറഞ്ഞു. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത്. പ്രതിയുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. അയാള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരം അഞ്ചിനും അഞ്ചരയ്ക്കും ഇടയിലായിരുന്നു കൊലപാതകം. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റൂറല്‍ എസ്പി അറിയിച്ചു. 

അതേസമയം, അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. അതിനു മുന്നോടിയായി മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group