Join News @ Iritty Whats App Group

സംഘപരിവാര്‍ അനുകൂലികൾ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് ‘ബേട്ടീ ബചാവോ’ മുദ്രാവാക്യമുയര്‍ത്തിയ ഇന്ത്യയില്‍; കെ കെ ശൈലജ


തിരുവനന്തപുരം : മണിപ്പൂര്‍ കലാപത്തിന്റേതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ പ്രതികരിച്ച് സിപിഎം ​കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. 25 വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്നതും പരസ്യമായി പീഡിപ്പിക്കുന്നതും ‘ബേട്ടീ ബചാവോ’ മുദ്രാവാക്യമുയര്‍ത്തുന്ന നമ്മുടെ ഇന്ത്യയിലാണെന്നും കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

ഒരുമിച്ചുള്ള പോരാട്ടം തന്നെയാണ് സംഘപരിവാറിന്റെ ഉന്മൂലന സിദ്ധാന്തത്തിനുള്ള മറുപടിയെന്നും ഈ മനുഷ്യത്വ വിരുദ്ധതയ്‌ക്കെതിരെ ഒരുമിച്ച് അണിനിരക്കണം എന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ കെകെ ശൈലജ കുറിച്ചു. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാര്‍ യാത്ര ഇനിയുമേറെ മനുഷ്യത്വ വിരുദ്ധം തന്നെയാവുമെന്നും കെകെ ശൈലജ

കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചത്

അമര്‍ഷവും ഞെട്ടലുമുളവാക്കുന്ന ദൃശ്യങ്ങളാണ് മണിപ്പൂര്‍ കലാപത്തിന്റേതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ പലതും. 25 വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്നതും പരസ്യമായി പീഠിപ്പിക്കുന്നതും ‘ബേട്ടീ ബചാവോ’ മുദ്രാവാക്യമുയര്‍ത്തുന്ന നമ്മുടെ ഇന്ത്യയിലാണ്.

രാജ്യത്തെ സംഘപരിവാര്‍ നയിക്കുന്ന ഭരണകൂടം എത്രമേല്‍ മനുഷ്യത്വ വിരുദ്ധമാണെന്നതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂരിലേത്. കലാപം ആരംഭിച്ചത് മുതല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനത്ത് നിന്നും പുറംലോകമറിഞ്ഞതിലും എത്ര വലുതായിരിക്കും അവിടെ സംഭവിക്കുന്ന യാഥാര്‍ത്ഥ്യമെന്ന് നാം മനസിലാക്കണം.

രാജ്യത്തിന്റെ ഭരണകൂടമോ പ്രധാനമന്ത്രിയോ കലാപത്തെ അമര്‍ച്ച ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തത് നിരുത്തരവാദിത്വപരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. സംഘപരിവാരത്തിന്റെ വിഭജന തന്ത്രങ്ങളും അധികാരക്കൊതിയുമാണ് മണിപ്പൂരിനെ അശാന്തിയുടെ തെരുവാക്കി മാറ്റിയിരിക്കുന്നത്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മനുഷ്യത്വ വിരുദ്ധമായ ഈ പ്രത്യാശാസ്ത്രത്തെ ശരിയാംവണ്ണം തിരിച്ചറിയാനും പ്രതിരോധിക്കാനും നാമോരോരുത്തരും മുന്നോട്ടുവരണം. മണിപ്പൂര്‍ ഒടുവിലത്തെ ഉദാഹരണമാണെന്ന് കരുതാന്‍ വയ്യ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാര്‍ യാത്ര ഇനിയുമേറെ മനുഷ്യത്വ വിരുദ്ധം തന്നെയാവും. ഒരുമിച്ചുള്ള പോരാട്ടം തന്നെയാണ് സംഘപരിവാറിന്റെ ഉന്മൂലന സിദ്ധന്തത്തിനുള്ള മറുപടി. ഈ മനുഷ്യത്വ വിരുദ്ധതയ്‌ക്കെതിരെ നാമോരോരുത്തരും ഒരുമിച്ച് അണിനിരക്കണം.


Post a Comment

Previous Post Next Post
Join Our Whats App Group