പാകിസ്ഥാനിലുള്ള ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ കാണാൻ പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെ എത്തിയ കൗമാരക്കാരിയെ പൊലീസിനെ ഏൽപ്പിച്ച് ജയ്പൂർ എയർപോർട്ട് അധികൃതർ. യാതൊരു രേഖകളുമില്ലാതെ വിമാനത്തിൽ കയറി പാകിസ്ഥാനിലേക്ക് പോകാനാണ് പെൺകുട്ടി എയർപോർട്ടിൽ എത്തിയത്.
എയർപോർട്ടിൽ എത്തിയ പെൺകുട്ടി അധികൃതരെ കബളിപ്പിക്കാൻ കെട്ടിച്ചമച്ച ഒരു കഥയും പറഞ്ഞിരുന്നു. രേഖകളില്ലാതെ യാത്ര ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ട് സംശയം തോന്നിയാണ് അധികൃതർ കൂടുതൽ കാര്യങ്ങൾ ചോദിച്ചത്. സംശയം തോന്നിയതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
രാജസ്ഥാനിലെ ശ്രീമധോപൂരിൽ നിന്നാണ് പെൺകുട്ടി എത്തിയത്. അന്താരാഷ്ട്ര യാത്രയ്ക്കുള്ള രേഖകളൊന്നും പെൺകുട്ടിയുടെ കൈവശമില്ലെന്ന് മനസ്സിലായതോടെ എയർപോർട്ട് അധികൃതർക്ക് സംശയം തോന്നി. ഇതോടെ, താൻ പാകിസ്ഥാൻ സ്വദേശിയാണെന്നും ഇന്ത്യയിലുള്ള അമ്മായിക്കൊപ്പം താമസിക്കാൻ എത്തിയതാണെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. അമ്മായിയുമായി പിണങ്ങിയെന്നും പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകാനാണ് എത്തിയതെന്നുമാണ് കുട്ടി പറഞ്ഞത്.
പെൺകുട്ടിയുടെ കഥ കേട്ട് സംശയം തോന്നിയതോടെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് യാത്രയുടെ യഥാർത്ഥ ഉദ്ദേശം കുട്ടി പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനാണ് പാകിസ്ഥാനിലേക്ക് പോകുന്നതെന്നും എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള വഴി ഉപദേശിച്ചത് സുഹൃത്താണെന്നും പെൺകുട്ടി തുറന്നു പറഞ്ഞു.
ജയ്പൂരിൽ നിന്നും പാകിസ്ഥാനിലേക്ക് വിമാനങ്ങളൊന്നും പോകുന്നില്ല. പെൺകുട്ടിയുടെ കയ്യിൽ അന്താരാഷ്ട്ര യാത്രയ്ക്കുള്ള മതിയായ രേഖകളും ഉണ്ടായിരുന്നില്ലെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ ദിഗ്പാൽ സിംഗ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
എയർപോർട്ട് അധികൃതർ പെൺകുട്ടിയെ പൊലീസിന് കൈമാറി. പൊലീസാണ് വീട്ടുകാരെ വിവരം അറിയിച്ച് പെൺകുട്ടിയെ തിരിച്ചേൽപ്പിച്ചത്. അടുത്തിടെ പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാൻ പാകിസ്ഥാനിൽ നിന്നും യുവതി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിൽ എത്തിയത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ, രാജസ്ഥാനിൽ തന്നെയുള്ള മറ്റൊരു യുവതി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെ കാണാൻ പാകിസ്ഥാനിലേക്ക് പോയതും വിവാഹം കഴിച്ചതും വാർത്തയായിരുന്നു.
Post a Comment