യുഎഇയിലെ ആദ്യ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്‌ഘാടനം അടുത്ത വർഷം ഫെബ്രുവരിയിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ. അബുദാബി ബാപ്സ് ക്ഷേത്രം 2024 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ബാപ്സ് ഹിന്ദു മന്ദിർ (Bochasanwasi Shri Akshar Purushottam Swaminarayan Sanstha (BAPS)) പ്രതിനിധികൾ പറഞ്ഞു. ഉദ്ഘാടന ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടി ആയിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ കൂട്ടിച്ചേർത്തു.
“ബാപ്സ് ഹിന്ദു മന്ദിർ ആഗോള ഐക്യത്തിനുള്ള ഒരു വേദി ആയിരിക്കും. ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്‌കാരവും യുഎഇയിലേക്ക് കൊണ്ടുവരുന്ന ആഘോഷം കൂടിയായിരിക്കും ക്ഷേത്രത്തിന്റെ ഉദ്ഘാടനം”, ക്ഷേത്ര പ്രതിനിധികൾ പറഞ്ഞു.
അബു മുറെയ്ഖയിലെ 27 ഏക്കർ സ്ഥലത്ത്, ക്ഷേത്രത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. സമർപ്പണ പൂജകൾക്ക് തന്ത്രി മഹന്ത് സ്വാമി മഹാരാജ് നേതൃത്വം നൽകുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 14നു നടക്കുന്ന സമർപ്പണ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരിക്കും പ്രവേശനം.
ഫെബ്രുവരി 15-ന് യുഎഇയിലെ ഇന്ത്യൻ ഹൈന്ദവ വിശ്വാസികൾക്കെല്ലാവർക്കും പങ്കെടുക്കാവുന്ന ചടങ്ങും നടക്കും. എന്നാൽ, ഇതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫെബ്രുവരി 18 മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി പൂർണമായും തുറക്കും. അതുവരെ പ്രവേശനം നിയന്ത്രണവിധേയമായിരിക്കും. ”ഈ ദിവസത്തിന് മുമ്പുള്ള പരിപാടികളും മതപരമായ ചടങ്ങുകളും രജിസ്റ്റർ ചെയ്തവർക്കും ക്ഷണിക്കപ്പെട്ടവർക്കും മാത്രമായിരിക്കും”, ക്ഷേത്രം പ്രസ്താവനയിൽ അറിയിച്ചു.
2015 ഓഗസ്റ്റിലാണ് ക്ഷേത്രം നിർമിക്കുന്നതിനായി യുഎഇ ഭരണകൂടം സ്ഥലം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സമ്മാനമായാണ് സ്ഥലം ലഭിച്ചത്. 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. പിങ്ക് ശിലകൾ ഉപയോഗിച്ചു നിർമിച്ചിരിക്കുന്ന ക്ഷേത്രത്തിന് 1000 വർഷത്തെ ആയുസുണ്ടാകും എന്നാണ് പറയപ്പെടുന്നത്.
ഉദ്ഘാടന ചടങ്ങിനെയും രജിസ്ട്രേഷനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിശ്വാസികൾക്ക് ഫെസ്റ്റിവൽ ഓഫ് ഹാർമണി ആപ്പ് ഡൗൺലോഡ് ചെയ്യുകയോ https://festivalofharmony.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
Post a Comment