ദില്ലി: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാൻ മക്കളുമായി ഇന്ത്യയിൽ എത്തിയ സീമ ഹൈദറിനെ ചുറ്റുപ്പറ്റിയുള്ള ദുരൂഹതകൾ വർധിക്കുന്നു. സച്ചിൻ മീണ എന്ന യുവാവിനൊപ്പം കഴിയാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന സീമ ഹൈദർ എന്ന പാകിസ്ഥാൻ യുവതി പബ്ജി എന്ന ഓൺലൈൻ ഗെയിം വഴി ഇന്ത്യയിലെ മറ്റ് നിരവധി ആളുകളുമായി ബന്ധപ്പെട്ടിരുന്നതായി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വൃത്തങ്ങൾ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ സൈന്യവുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) സീമയ്ക്ക് ബന്ധമുണ്ടോയെന്ന് എടിഎസ്, ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നീ അന്വേഷണ സംഘങ്ങൾ പരിശോധിച്ച് വരികയാണ്. തിങ്കളാഴ്ച എടിഎസ് നടത്തിയ ചോദ്യം ചെയ്യലിൽ, കൂടുതലും ദില്ലി-എൻസിആറിൽ നിന്നുള്ള ആളുകളുമായാണ് പബ്ജി വഴി ബന്ധമുണ്ടായിരുന്നതെന്ന് സീമ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെ സീമ ഹൈദറിനോട് ഇംഗ്ലീഷിലെ ഏതാനും വരികൾ വായിക്കാൻ ആവശ്യപ്പെട്ടു.
നന്നായി വായിക്കുക മാത്രമല്ല, അവ വായിക്കുന്ന രീതി വരെ വളരെ ശരിയായിരുന്നുവെന്ന് എടിഎസ് വൃത്തങ്ങൾ പറഞ്ഞു. നേപ്പാൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന സീമ ഹൈദർ ഇപ്പോൾ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഗ്രേറ്റർ നോയിഡയിലാണ് സച്ചിൻ മീണയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. സംഭവത്തിൽ അന്വേഷണങ്ങൾ നടക്കുകയാണ്.
ഇതിനിടെ സീമയെ തിരിച്ച് അയക്കണമെന്ന് പാകിസ്ഥാനിലുള്ള ഭർത്താവ് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴും സീമയെ പഴയ പോലെ തന്നെ സ്നേഹിക്കുന്നുണ്ടെന്നും അത് എക്കാലവും തുടരുമെന്നും ഭർത്താവ് ഗുലാം ഹൈദർ പറയുന്നു. ദയവായി തിരികെ വരൂ എന്നാണ് ഗുലാമിന്റെ അഭ്യർത്ഥന. നേരത്തെ, തന്‍റെ ഭാര്യ സീമ ഹൈദറിനെയും കുട്ടികളെയും തിരികെ അയക്കണമെന്ന ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഗുലാം അഭ്യർത്ഥിച്ചിരുന്നു.
Post a Comment