അമ്പലപ്പുഴ: പശുക്കളിൽ തൈലേറിയ എന്ന അപൂർവ രോഗം പടരുന്നു. ആശങ്കയോടെ ക്ഷീര കർഷകർ.പൂർണ ആരോഗ്യമുള്ള പശുക്കൾ കടുത്ത പനിവന്ന് പെട്ടെന്നു ക്ഷീണിക്കുന്നതാണ് ഇതിന്റെ രോഗലക്ഷണം.
വൈകാതെ എല്ലുന്തി ക്ഷീണിച്ച അവസ്ഥയിലാകും. തീറ്റ കഴിക്കുമെങ്കിലും രോഗം ബാധിച്ച പശുക്കളിൽനിന്നു പാലിന്റെ അളവ് ഗണ്യമായി കുറയും.
ഇതു കർഷകർക്കു കനത്ത തിരിച്ചടിയാണ്. പാലിന്റെ അളവ് പകുതിയിൽ താഴെയാകുന്നുവെന്നാണ് കർഷകർ പറയുന്നത്. ഏകദേശം മൂന്നു മാസം മുന്‍പ് ചിലേടങ്ങളിൽ ചെറിയ രീതിയിൽ കണ്ട തൈലേറിയ എന്ന രോഗം ഇപ്പോൾ വ്യാപകമായിരിക്കുകയാണ്.
ചാകാനും സാധ്യത
പശുക്കളുടെ രക്തസാമ്പിൾ പരിശോധിച്ചാണ് മൃഗസംരക്ഷണവകുപ്പ് രോഗം സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചാൽ വീണുപോകുന്ന പശുക്കൾ ചത്തുപോകാനും സാധ്യതയുണ്ട്.
അതേസമയം, പ്രശ്നം രൂക്ഷമായിട്ടും കൃത്യമായ മരുന്നുകൾ ലഭ്യമാക്കാൻ മൃഗസംരക്ഷണ വകുപ്പിനും കഴിയുന്നില്ലെന്നാണ് കർഷകരുടെ പരാതി.
കർഷകർക്കു വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. കാലിത്തീറ്റ വിലയിൽ വൻ വർധനവുണ്ടായതു മൂലം വലയുന്ന ക്ഷീരകർഷകർക്ക് ഇരുട്ടടിയാണ് പശുക്കളിൽ ബാധിച്ചിരിക്കുന്ന ഈ രോഗം.
ഇടപെടൽ വേണം
50 കിലോ കാലിത്തീറ്റയ്ക്ക് 35 രൂപ വർധിച്ച് ഇപ്പോൾ 1,555 രൂപയായി വില. ഒന്നര മാസത്തിനുള്ളിൽ കാലിത്തീറ്റയ്ക്കു വലിയ വിലക്കയറ്റമാണ് ഉണ്ടായത്. അതിനിടയിലാണ് ഇപ്പോൾ സൈലേറിയ രോഗവും.
കോവിഡിനു ശേഷം പശുക്കളിൽ വ്യാപകമായി കുളമ്പുരോഗം പടർന്നിരുന്നു. ഇതു ബാധിച്ചു നിരവധി പശുക്കൾ ചത്തതു ക്ഷീരമേഖലയെ തളർത്തിയിരുന്നു.
ഇതിൽനിന്നു കരകയറി വരുന്പോഴാണ് അടുത്ത പരീക്ഷണം എത്തിയിരിക്കുന്നത്. മൃഗസംരക്ഷണവകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.
തൈലേറിയ ലക്ഷണങ്ങൾ
കന്നുകാലികളിൽ കാണുന്ന ഒരു മാരക രോഗമാണ് തൈലേറിയ. കന്നുകാലികളിൽ സാധാരണയായി കണ്ടുവരുന്ന പട്ടുണ്ണി (ഒരുതരം പ്രാണികൾ)കളിലൂടെയാണ് രോഗം പടരുന്നത്. പശുക്കളിൽ കടുത്ത പനിയോടെയാണ് ആരംഭം.
ഈ സമയത്ത് പനി 104 മുതൽ 107 ഡിഗ്രി വരെ ഉയരുന്നു. തീറ്റയോടുള്ള വിരക്തി, മെലിച്ചില്‍, കറവപ്പശുക്കളുടെ പാല് ഉത്പാദനം കുറയല്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, പ്രയാസത്തോടു കൂടിയ ശ്വസനം എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.
ശ്വാസകോശ അറകള്‍ക്കു ചുറ്റും നീര്‍ക്കെട്ട് ഉണ്ടാവുന്നതാണ് ശ്വസനതടസത്തിനു കാരണം. കണ്ണിലെയും മറ്റു ശ്ലേഷ്മസ്തരങ്ങളില്‍ രക്തവാര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണാം.
തുടര്‍ന്നു പശു മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. കൃത്യമായ സമയത്തു ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം രോഗം ഗുരുതരമായി പശുവിനു ജീവൻ നഷ്ടമാകും.
പ്രതിരോധം മാർഗം
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ഡോക്ടറുടെ സഹായം തേടണം. തൈലേറിയക്കെതിരായ പ്രതിരോധ വാക്സിനുകള്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടില്‍ അതിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെടുകയോ ഇതുവരെ ഉപയോഗിച്ചു തുടങ്ങുകയോ ചെയ്തിട്ടില്ല.
നിലവില്‍ തൈലേറിയ രോഗത്തെ തടയാനുള്ള ഏറ്റവും ഉത്തമ മാര്‍ഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണമാണ്. ഇതിനായി സൈപ്പര്‍മെത്രിന്‍, ഡെല്‍റ്റാമെത്രിന്‍, ഫ്ളുമെത്രിന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ പട്ടുണ്ണിനാശിനികള്‍ നിർദേശിക്കപ്പെട്ട അളവില്‍ പശുക്കളുടെ ശരീരത്തിനു പുറത്തും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം.
Post a Comment