കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ ലീഗ് പങ്കെടുക്കുമോയെന്നതിൽ ആശങ്കയില്ലെന്ന് കെ മുരളീധരൻ എംപി. മുസ്ലീം ലീഗിനെ യുഡിഎഫിൽ നിന്നും അടർത്തി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ഏക സിവിൽ കോഡിലെ സിപിഎം സെമിനാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സെമിനാറിനെ ഗൗരവത്തിൽ കാണുന്നില്ല. ആരും കാണാത്ത ഒരു ബില്ലിന്റെ പേരിൽ ഇത്ര ആവേശം കാണിക്കേണ്ടതില്ലെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. സമസ്തക്ക് സ്വതന്ത്ര നിലപാടെടുക്കാം. സിപിഎമ്മിന്റെ കൂടെ സമരത്തിന് പോയാൽ പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പോയ അനുഭവം പലർക്കും ഉണ്ടാകും. അവരിപ്പോഴും കേസിൽ പ്രതിയാണ്.
ഏക സിവിൽ കോഡിൽ ബില്ല് വന്നതിനുശേഷം ദേശീയ തലത്തിൽ കോൺഗ്രസ് സമരം നടത്തും. സെമിനാർ നടത്താൻ സിപിഎമ്മിന് യോഗ്യതയില്ല. സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചാലും കോൺഗ്രസ് പോകില്ല. നെഹ്‌റുവിന്റെ കാലം മുതൽ സിവിൽ കോഡിനെ എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അടുത്തകാലം വരെ ഏക സിവിൽ കോഡിന് വേണ്ടി വാദിച്ചവരാണ് സിപിഎം. മണിപ്പൂർ കലാപത്തിൽ ഒരാശങ്കയും എംവി ഗോവിന്ദനില്ല. ഇപ്പോഴീ കാണിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ്. ലണ്ടനിൽ പോയി വന്ന ശേഷം പള്ളികളിൽ ആള് പോകുന്നില്ല എന്നൊക്കെ പറഞ്ഞ ഒരു വിഭാഗത്തെ മനഃപൂർവം ഇൻസൾട്ട് ചെയ്യുന്ന സമീപനമാണ് ഗോവിന്ദനിൽ നിന്നും ഉണ്ടായത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി സിപിഎം ഇത്ര തരം താഴ്ത്താൻ പാടില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
അതേ സമയം, ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ പങ്കെടുക്കാൻ മുസ്ലിം ലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യം. ഏക സിവിൽ കോഡിനെതിരെ നിരവധി സെമിനാറുകൾ നടത്തുന്നു. മുസ്ലീം സമുദായത്തിൽ ഏക സിവിൽ കോഡിനെതിരെ ഒറ്റമനസ്സാണ്. അക്കാരണത്താലാണ് ലീഗിനെ ക്ഷണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment