കോട്ടയം: മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്ക് നേരെയുള്ള ആസൂത്രിത ഗൂഡാലോചനയെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കല്‍. സമാധാനം സ്ഥാപിക്കണ്ട കേന്ദ്രസർക്കാർ തികഞ്ഞ അലംഭാവം പുലർത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഭാരത കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്ത മണിപ്പൂർ സമാധാന പ്രാർത്ഥന യോഗത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്. വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ മണിപ്പൂരില് കൊല്ലപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ ഏറിയ പങ്കും ക്രൈസ്തവരാണെന്നതാണ് ആസൂത്രിത ഗൂഡാലോചനയായി കാണാന്‍ പ്രേരിപ്പിക്കുന്നതെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മണിപ്പൂർ സംഘർഷം ആസൂത്രിതമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചിരുന്നു. കലാപം ക്രൈസ്ത ദേവാലയം ലക്ഷ്യമിട്ടാണ് എന്ന് ആരോപിച്ച ജോസഫ് പാംപ്ലാനി ഭരണ ഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിൽ ഗുരുതര വീഴ്ച ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി ഏത് കാര്യത്തിൽ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയിൽ വിവേചനം ഇല്ലെന്നാണ് അമേരിക്കയിൽ പോയപ്പോൾ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണമെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. എന്നാൽ മാത്രമേ അതിൽ ആത്മാർത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്നം. മണിപ്പൂർ കത്തി എരിയുമ്പോൾ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി.
കൃഷിയിടങ്ങളില്‍ വന്യജീവികളുടെ ആക്രമണം രൂക്ഷമായ സമയത്ത് സര്‍ക്കാരിനെതിരെ രൂക്ഷമായി മാര്‍ ജോസ് പുളിക്കല്‍ സംസാരിച്ചിരുന്നു. നേരത്തെ ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുളള സര്‍ക്കാര്‍ നീക്കങ്ങളില്‍ മെല്ലപ്പോക്കെന്ന് മാര്‍ ജോസ് പുളിക്കല്‍ തുറന്നടിച്ചിരുന്നു. എന്തുകൊണ്ടാണ് മെല്ലപ്പോക്കെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ജോസ് പുളിക്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. കോടതിയില്‍ സമര്‍പ്പിക്കാനുളള റിപ്പോര്‍ട്ട് തയാറാക്കാനുളള ഉത്തരവാദിത്തം വനം വകുപ്പിനെ ഏല്‍പ്പിച്ചതില്‍ ആശങ്കയുണ്ടെന്നും ജനവാസ മേഖലകളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയ 2019 ലെ വിവാദ ഉത്തരവ് റദ്ദാക്കാത്തത് സംശയാസ്പദമാണെന്നും ബിഷപ്പ് തുറന്നടിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
Post a Comment