റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 12,000 ഓളം നിയമ ലംഘകർ പിടിയിലായി. ഈ മാസം ആറു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 11,915 പേരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 6,359 പേർ ഇഖാമ നിയമ ലംഘകരും 3,753 പേർ നുഴഞ്ഞുകയറ്റക്കാരും 1,803 പേർ തൊഴിൽ നിയമലംഘകരുമാണ്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 675 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 197 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും നൽകിയ അഞ്ചു പേരും അറസ്റ്റിലായി. നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 35,700 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 6,080 പേർ വനിതകളും 29,620 പേർ പുരുഷന്മാരുമാണ്.
സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 26,161 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ വിദേശ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളുമായി സഹകരിക്കുന്നു. 3,407 പേർക്ക് മടക്കയാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 4,508 നിയമ ലംഘകരെ രാജ്യത്തു നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post a Comment