ഇടുക്കി: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനെന്ന വ്യാജേന ഒടിപിനമ്പർ വാങ്ങി ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. കൊറിയർ സർവീസിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ചശേഷം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) എത്തിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഒടിപി നമ്പർ വാങ്ങിയത്. ഉപ്പുതറ ഈട്ടിക്കൽ ഗീതുമോൾ തമ്പിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ജോലിക്കായി കുവൈത്തിലേക്ക് പോകാനായി കടം വാങ്ങി സൂക്ഷിച്ചിരുന്ന പണമാണ് യുവതിക്ക് നഷ്ടപ്പെട്ടത്.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി യുവതി 18-ന് കട്ടപ്പനയിലെ പാസ്‌പോർട്ട് ഓഫിസിൽ എത്തിയിരുന്നു. അവിടെ പാൻ കാർഡ് സ്‌കാൻ ചെയ്‌തെടുത്തിരുന്നു. 21-നാണ് കട്ടപ്പനയിലെ കൊറിയർ സർവീസിൽ നിന്നാണെന്നു പറഞ്ഞ് ഗീതുവിന് ഫോൺ വിളിയെത്തിയത്. ഹിന്ദിയിലാണ് സംസാരിച്ചതെങ്കിലും പാസ്‌പോർട്ട് ഓഫിസിൽ എത്തിയപ്പോഴും ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതിനാൽ സംശയം തോന്നിയില്ലെന്ന് യുവതി പറയുന്നു. അടുത്തദിവസം പോസ്റ്റുമാൻ സർട്ടിഫിക്കറ്റ് എത്തിക്കുമെന്നും അതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ നമ്പരിലേക്ക് ഒരു വാട്‌സാപ് മെസേജ് അയയ്ക്കണമെന്നും വിളിച്ചവർ നിർദേശിച്ചു.
തുടർന്ന് വാട്‌സാപ്പിൽ ഒരു ലിങ്ക് നൽകുകയും അതിൽ അക്കൗണ്ട് വിവരങ്ങളും മറ്റും നൽകി 4 രൂപ അയച്ചു നൽകാനും അറിയിപ്പ് ലഭിച്ചു. അതുപ്രകാരം പണം അയച്ചപ്പോൾ ഫോണിലേക്ക് വന്ന ഒടിപി നമ്പരും അവർക്ക് കൈമാറി. പോസ്റ്റ്മാന്റെ പേരും ഗീതുവിന്റെ പേരുമെല്ലാം കൃത്യമായി പറഞ്ഞിരുന്നതിനാൽ തട്ടിപ്പാണെന്ന് മനസ്സിലാക്കാനായില്ല. പിറ്റേന്ന് പോസ്റ്റ്മാൻ എത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
എന്നാൽ 24ന് രാവിലെ 10 മണിക്ക് ശേഷം അക്കൗണ്ടിൽ നിന്ന് 89,999 രൂപ പിൻവലിച്ചതായി മെസേജ് വന്നു. തൊട്ടുപിന്നാലെ 999, 9999 എന്നിങ്ങനെയും തുക പിൻവലിച്ചു. ഉടൻതന്നെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും അതിനിടെ 999 രൂപ വീതം രണ്ടുതവണ കൂടി പിൻവലിക്കപ്പെട്ടു. അതോടെ അക്കൗണ്ടിൽ അവശേഷിച്ച ആറായിരം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് സൈബർസെല്ലിലും ഉപ്പുതറ പൊലീസിലും പരാതി നൽകി. അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment