Join News @ Iritty Whats App Group

ജീവനൊടുക്കിയതിന് കാരണം ഡുഷേൻ മസ്കുലര്‍ ഡിസ്ട്രോഫിയെക്കുറിച്ചുള്ള ഭയം; കുടുംബത്തിന്‍റെ മരണത്തിൽ സംശയം ഉയരുന്നു

മലപ്പുറം: മുണ്ടുപറമ്പിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാരക രോഗത്തെ കുറിച്ചുള്ള പേടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം. ഇന്നലെ രാത്രിയോടെയാണ് മലപ്പുറം മുണ്ടുപറമ്പിൽ അച്ഛൻ, അമ്മ, രണ്ട് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരാണ് മരിച്ചത്.

കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ച നിലയിലായിരുന്നു. മാരക രോഗമായ ഡുഷേൻ മസ്കുലര്‍ ഡിസ്ട്രോഫിയെക്കുറിച്ചുള്ള ആധിയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം. മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മാതാപിതാക്കളുടെയും ഇളയ കുട്ടിയുടെയും പരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡിഎംഡി എന്ന ഈ അസുഖം. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമം മൂലം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ധനകാര്യ സ്ഥാപനങ്ങളിലെ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തികമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

കണ്ണൂരില്‍ ബാങ്ക് മാനേജറായി കഴിഞ്ഞ ശനിയാഴ്ച ചുമതലയേറ്റ ഷീന ഇന്ന് മലപ്പുറം മുണ്ടുപറമ്പിലെ വീട്ടുസാധനങ്ങളെല്ലാം മാറ്റാനായി ഒരുക്കം പൂര്‍ത്തിയാക്കിയതിനിടെയാണ് നാല് പേരുടെയും മരണ വാര്‍ത്തയെത്തിയത്. വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച്‌ മലപ്പുറത്തെത്തിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന മൂത്ത മകൻ ഹരിഗോവിന്ദിന്റെ സ്കൂള്‍ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നു. ഇന്ന് കണ്ണൂരിലേക്കു തിരിക്കുമെന്ന് ഷീനയും ഭര്‍ത്താവ് സബീഷും അവരവരുടെ വീടുകളില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെ അറിയിച്ചിരുന്നു.

എന്നാല്‍ എട്ട് മണിയോടെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഇരുവരെയും കിട്ടിയില്ല. പിന്നീടാണ് ബന്ധുക്കള്‍ മലപ്പുറം പൊലീസില്‍ വിവരമറിയിച്ചത്. അര്‍ധരാത്രിയോടെ പൊലീസ് എത്തിയാണ് വീട് തുറന്ന് അകത്തു കടന്നത്. നാലു പേരുടെയും മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഉച്ചയ്ക്ക് 2.30ന് വിട്ടുകിട്ടിയ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ കണ്ണൂര്‍ തളിപ്പറമ്പിലേക്ക് തിരിച്ചു. മുയ്യത്തെ ഷീനയുടെ വീട്ടില്‍ ആദ്യം പൊതുദര്‍ശനം. തുടര്‍ന്ന് രാത്രി തന്നെ സബീഷിന്റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. നാളെ രാവിലെ ഒമ്പത് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് സംസ്കാരം.

Post a Comment

Previous Post Next Post
Join Our Whats App Group