Join News @ Iritty Whats App Group

പെര്‍മിറ്റും ഫിറ്റ്‌നെസും ഇല്ല; കെഎസ്ഇബി വാഹനത്തിന് 9000 രൂപ പിഴയിട്ട് എംവിഡി

കോഴിക്കോട്: കെ എസ് ഇ ബിക്ക് വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടിയ വാഹനത്തിന് ഫിറ്റ്‌നെസും പെര്‍മിറ്റുമില്ലാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടു. നിയമം അനുസരിക്കാത്ത വാഹനത്തിന് 9000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. പരിശോധനയ്്ക്കിടെ നികുതി അടിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. പുത്തൂര്‍ മാനിപുരം റോഡില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

കൊടുവള്ളി ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് ജീപ്പ് പിടികൂടി പിഴയിട്ടത്. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ മതിയായ രേഖകളോടെയാണ് സര്‍വീസ് നടത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്ക് കൂടിയാണെന്നിരിക്കെയാണ് ഇങ്ങനെയൊരു നിയമലംഘനം. തമാരശേരി ട്രാന്‍സ്മിഷന്‍, കണ്‍സ്ട്രക്ഷന്‍ സബ് ഡിവിഷന് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ജീപ്പാണിത്.

ഫിറ്റ്‌നസില്ലാത്തതിന് 3000 രൂപ, പെര്‍മിറ്റില്ലാതെ ഓടിയതിന് 3000, നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിന് 3000 എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. വയലട സ്വദേശിയുടെ ഉടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിത്. എന്നാല്‍ കൊയിലാണ്ടി രജിസ്‌ട്രേഷനിലുള്ള വാഹനം നന്മണ്ട ആര്‍ ടി ഒ പരിധിയിലേക്ക് അടച്ചതാണെന്നുമാണ് വാഹന ഉടമ അറിയിച്ചതെന്നാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ നികുതി അടച്ച കാര്യം മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ അപഡേറ്റ് ചെയ്തിട്ടില്ലെന്നാണ് ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചത്.

അതേസമയം, സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പും കെ എസ് ഇ ബിയും തമ്മില്‍ ശീതയുദ്ധം ആരംഭിച്ചിരുന്നു. വയനാട്ടില്‍ തോട്ടി കൊണ്ടു പോയ ഒരു ജീപ്പിന് പിഴയിട്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജീപ്പിന് പിഴയിട്ടതോടെ വൈദ്യുതി ബില്ല് അടക്കാതെ ആര്‍ ടി ഒ ഓഫീസുകളുടെ ഫ്യൂസൂരാന്‍ കെ എസ് ഇ ബി ആരംഭിച്ചു. പിഴയിടല്‍ തുടര്‍ന്നതോടെ ഫ്യൂസൂരാന്‍ കെ എസ് ഇ ബിയും ആരംഭിച്ചു.

കാസര്‍ഗോഡ്, മട്ടന്നൂര്‍ എന്നീ കെ എസ് ഇ ബി വാഹനനങ്ങള്‍ക്ക് പിഴയിട്ടതോടെ ബില്ലടക്കാത്ത ആര്‍ ടി ഒ ഓഫീസിന്റെ ഫ്യൂസുമായി ഉദ്യോഗസ്ഥര്‍ പോയത്. ഇതോടെ പല ഇലക്ട്രിക്ക് വാഹനങ്ങളും കട്ടപ്പുറത്തായി. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിഷയം ചര്‍ച്ചയായിരുന്നു. ഇതിന് ശേഷം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും സംഭവത്തില്‍ ഇടപെട്ടിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group