Join News @ Iritty Whats App Group

ശരദ് പവാറിന് വീണ്ടും തിരിച്ചടി; നാഗാലാന്‍ഡിലെ 7 എന്‍സിപി എംഎല്‍എമാരും അജിത് പവാര്‍ പക്ഷത്തേക്ക്




മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് വീണ്ടും തിരിച്ചടി. നാഗാലാന്‍ഡില്‍ നിന്നുള്ള 7 എന്‍സിപി എംഎല്‍എമാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പക്ഷത്തേക്ക് തിരിഞ്ഞതാണ് പാര്‍ട്ടിയ്ക്ക് വെല്ലുവിളിയായത്.

ഈ മാസമാദ്യമാണ് അജിത് പവാറും എട്ട് എന്‍സിപി എംഎല്‍എമാരും ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ലയിച്ചത്. പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ഭിന്നതയ്ക്കാണ് ഇത് തുടക്കം കുറിച്ചത്.

അജിത് പവാറിനെ കൂടാതെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, നര്‍ഹാരി സിര്‍വാള്‍ എന്നിവരും അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ ചഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ എന്നിവരും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുംബൈ വൈബി ചവാന്‍ സെന്ററില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

“ഞങ്ങള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയിരുന്നു. പാര്‍ട്ടിയെ ഐക്യത്തോടെ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ മാര്‍ഗ നിര്‍ദ്ദേശവും ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല,” എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

“ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് ഒരു അറിവുമില്ലായിരുന്നു. 9 മന്ത്രിമാരും പ്രഫുല്‍ഭായിയും ദേവഗിരിയില്‍ (അജിത് പവാറിന്റെ ബംഗ്ലാവില്‍) കൂടിക്കാഴ്ച നടത്തുകയായിരുന്നു. പെട്ടെന്ന് അവര്‍ മൂന്ന് കാറുകളിലായി പുറത്തേക്ക് പോയി. സെക്യൂരിറ്റി സ്റ്റാഫിനെ ഒഴിവാക്കിയാണ് പോയത്,” ബംഗ്ലാവിലുണ്ടായിരുന്ന ഒരു എന്‍സിപി നേതാവ് പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ശിവസേനയ്ക്കുള്ളിലുണ്ടാക്കിയ കലാപത്തിന് സമാനമാണ് നിലവിലെ അജിത് പവാറിന്റെ നീക്കം. ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോഴാണ് സേനയില്‍ ഷിന്‍ഡെ വിഭാഗം കലാപം ആരംഭിച്ചതും പിന്നീട് പുറത്തുപോയതും. ശേഷം പാര്‍ട്ടിയുടെ നിയന്ത്രണം ഷിന്‍ഡെയുടെ കൈകളിലെത്തുകയും ചെയ്തു.

2019ലാണ് ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസ് , എന്‍സിപി എന്നിവയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കി. ഇതോടെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ താഴെ വീണു. ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസുമായി ചേര്‍ന്ന് ഷിന്‍ഡെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

സമാനമായ രീതിയില്‍ എന്‍സിപിയില്‍ അജിത് പവാറിന് പിന്തുണയേറി വരികയാണ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും ശരദ് പവാറിന്റെ അടുത്ത അനുയായികളായ പ്രഫുല്‍ പട്ടേല്‍, ചഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സേ പാട്ടീല്‍ എന്നിവരുടെ പിന്തുണയും അജിത് പവാറിനുണ്ട്.

എന്നാല്‍ എന്‍സിപിയുടെ യഥാര്‍ത്ഥ നേതാവ് താനാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശരദ് പവാര്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി നേതാക്കളെ അദ്ദേഹം പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group