തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 15 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് നിർദ്ദേശം.
അതേസമയം ഉത്തരേന്ത്യയിൽ മഴ കുറഞ്ഞു. ഇതോടെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. കനത്ത മഴ തുടർന്ന ഹിമാചലിൽ നിന്ന് 50 ശതമാനത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അറിയിച്ചു. കഴിഞ്ഞ ദിവസം കസോളിൽ കുടുങ്ങിയ 2000ത്തോളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
മഴയെ തുടർന്ന് ദിവസങ്ങളായി അടഞ്ഞ് കിടക്കുന്ന റോഡുകളിൽ പലതും തുറന്ന് കൊടുത്തു. ജൂൺ 24 ന് കാലവർഷം ആരംഭിച്ചത് മുതൽ ഇതുവരെ 88 പേരാണ് മരണപ്പെട്ടത്. 16 പേരെ കാണാതായിട്ടുണ്ട്. 100 ഓളം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മഴക്കെടുതിയിൽ ഹിമാചലിന് 4,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു.
Post a Comment