കോഴിക്കോട്: കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരം നിർത്തില്ലെന്ന് ഹർഷിന. 2022 സെപ്തംബറിൽ നടത്തിയ സിടി സ്കാനിൽ ആണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. അത് എടുത്തു മാറ്റുന്നത് വരെ 5 വർഷമാണ് ഹർഷിന കൊടുംവേദന സഹിച്ചത്. അത് മുഴുവൻ അടുത്ത് കണ്ട മകൻ ഫാരിഖ് സിയാനും ഇന്ന് ആശ്വാസത്തിന്റെ ദിവസമാണ്.
ഇളയമകൻ ഫാരിഖ് സിയാന്റെയത്രയും പ്രായമുണ്ട് ഹർഷിന താണ്ടിയ ദുരിതങ്ങൾക്ക്. 2017 നവംബർ 30 ന് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ രക്തസ്രാവം. പല ആശുപത്രികളിൽ കാണിച്ചിട്ടും മാറാത്ത വേദന. കുഞ്ഞിനെയൊന്നെടുക്കാനോ പാലു കൊടുക്കാനോ പറ്റാതെ പുളഞ്ഞ ഉമ്മ അനുഭവിച്ചതിനെല്ലാം സാക്ഷിയായിട്ടുണ്ട് സിയാൻ. അതുകൊണ്ടാണവൻ സമരത്തിനും ഒപ്പം കൂടിയത്. മെഡി. കോളേജിന് മുന്നിലെ സമരത്തിന്റെ 64 ആം ദിവസം ഹർഷിനയ്ക്കനുകൂലമായൊരു അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ ആശ്വാസം കൊണ്ടാകണം, സമരപ്പന്തലിൽ കിടന്നുറങ്ങുകയായിരുന്നു കുഞ്ഞുഫാരിഖ്.
ശസ്ത്രക്രിയ ഉപകരണവും വയറ്റിൽ പേറി കഴിഞ്ഞ കാലത്തേക്കാൾ വേദനയും അപമാനവുമാണ് സമരം തുടങ്ങിയതിന് ശേഷം അനുഭവിച്ചതെന്ന് ഹർഷിന പറയുന്നു. അതിനൊക്കെയും ചെറിയ ആശ്വാസമാണ് ഇപ്പോഴത്തെ റിപ്പോർട്ട്. അതുകൊണ്ട് സമരമവസാനിപ്പിക്കാൻ തയ്യാറല്ലെന്നും ഹർഷിന. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ പോരാട്ടം തുടരാനാണ് തീരുമാനം. ഒപ്പം സിയാനുമുണ്ട്. നഷ്ടങ്ങൾ ഹർഷിനയുടേത് മാത്രമായിരുന്നില്ലല്ലോ.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തലിലേക്ക് നയിച്ചത് എംആർഐ സ്കാൻ റിപ്പോർട്ട്. പൊലീസ് സത്യം കണ്ടെത്തിയത് എംആർഐ റിപ്പോർട്ടിലൂടെയാണ്. കൊല്ലത്തെ ആശുപത്രിയിൽ നടത്തിയ എംആർഐ പരിശോധനയാണ് സംഭവത്തിൽ വഴിത്തിരിവായത്. 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളേജിൽ ഹർഷിനയുടെ ശസ്ത്രക്രിയ നടന്നത്.
Post a Comment